കേരനിരകളാടും ഹരിതചാരുഭൂമി… എന്ന് കേരളത്തെ കുറിച്ച് കവിഹൃദയം വെറുതെ പാടിയതല്ല… തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. പലർക്കും ഇതൊരു വരുമാനമാർഗമാണ്. ഒരു തെങ്ങ് എങ്കിലും ഇല്ലാത്ത വീടും കുറവായിരിക്കും.കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, വിവിധ രോഗങ്ങളുടേയും കീടങ്ങളുടേയും ആക്രമണം എന്നിവ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിളയിനമാണ് തെങ്ങ്. അതിനാൽ തന്നെ കേര കർഷകർ പലപ്പോഴും പ്രതിസന്ധിയിലാകാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കേര കർഷകരെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തെങ്ങ്, പന ഇൻഷുറൻസ് പദ്ധതി (സി പി ഐ എസ്) ആവിഷ്‌കരിച്ചിരിക്കുന്നത്.
ഈ സ്‌കീമിന് കീഴിൽ 4 വർഷം മുതൽ 60 വർഷം വരെ പ്രായമുള്ള എല്ലാ തെങ്ങുകൾക്ക് പരിരക്ഷ ലഭിക്കും. അടുത്തടുത്ത പുരയിടത്തിലെ കായ്ഫലമുള്ള അഞ്ചു തെങ്ങുകളെങ്കിലും ഉള്ള കർഷകർക്കാണ് പദ്ധതിയിൽ ചേരാൻ പറ്റുക. 4 വർഷം മുതൽ 15 വർഷം വരെ പ്രായമുള്ള തെങ്ങിന് 9 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ നാലര രൂപ നാളികേര വികസന ബോർഡ് അടക്കും. രണ്ടേ കാൽ രൂപ സംസ്ഥാന സർക്കാരും രണ്ടേകാൽ രൂപ കർഷകനും അടക്കണം. 900 രൂപയുടെ പരിരക്ഷയാണിത്.
16 മുതൽ 60 വർഷം വരെ പ്രായമുള്ള തെങ്ങിന് 14 രൂപയാണ് പ്രീമിയം തുക. ഏഴ് രൂപ നാളികേര വികസന ബോർഡും മൂന്നര രൂപ സംസ്ഥാന സർക്കാരും മൂന്നര രൂപ കർഷകനും അടയ്ക്കണം. 1750 രൂപയുടെതാണ് പരിരക്ഷ. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേനയും സംസ്ഥാന ഗവൺമെന്റുകൾ മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. നാളികേരം കൃഷി ചെയ്യുന്ന എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കി വരുന്നു.
ഇത് കൂടാതെ കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് പദ്ധതി. ഇരുപത്തെട്ട് ഇനം വിളകൾക്കാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നത്. എന്തെങ്കിലും നഷ്ടമുണ്ടായാൽ 72 മണിക്കൂറിനുള്ളിൽ കൃഷിഭവനെയോ ഇൻഷൂറൻസ് കമ്പനിയെയോ നേരിട്ടോ,രേഖാമൂലമോ വിവരം അറിയിക്കണം.
CSC ഡിജിറ്റൽ സേവ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടക്കരാറിന്റെ പകർപ്പ് (പാട്ടക്കരാർ ആണെങ്കിൽ) എന്നിവ സമർപ്പിക്കേണ്ടതാണ്.
Discussion about this post