കൊല്‍ക്കത്ത: നിലവിലുള്ള വിലയുടെ എത്രയിരട്ടിയാണ് നമ്മള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരാറുള്ളത്. ഈ ഒരു കാരണം മൂലം അവിടെ നിന്നും ഒരു ചായ പോലും കുടിക്കാന്‍ മടി കാണിക്കുന്നവര്‍ക്ക് ഇനി സന്തോഷിക്കാം.. മിതമായ വിലയ്ക്ക് ചായയും ലഘുഭക്ഷണവും കുടിവെള്ളവും ലഭിക്കുന്ന ഉഡാന്‍ യാത്രി കഫേകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ആണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ആദ്യ ഉഡാന്‍ യാത്രി കഫേ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കാനാണ് പദ്ധതി. വിമാനത്താവളത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ കഫേ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കൊല്‍ക്കത്തയിലെ ഡിപ്പാര്‍ചര്‍ ലോഞ്ചില്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയ്ക്ക് മുന്നിലായിരിക്കും ഉഡാന്‍ കഫേ തുറക്കുക.
ഇത് വിജയിക്കുകയാണെങ്കില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
എന്നാല്‍ ഉഡാന്‍ യാത്രി കഫേയിലെ മെനുവും വിലയും ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയാണെങ്കില്‍ കഫേ വിജയിക്കുമെന്നാണ് യാത്രക്കാരില്‍ പലരും പറയുന്നത്. നേരത്തെ ചെലവ് കുറഞ്ഞ വിമാന യാത്ര സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉഡാന്‍ പദ്ധതി കൊണ്ടുവന്നത്.
ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിലെ ചെലവ് കുറഞ്ഞ ഭക്ഷണവും ചായയും എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.
Discussion about this post