സംസ്ഥാനത്ത് നാട്ടാനകളുടെ സെന്‍സസ് നടത്താന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥന്‍, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ, ഉടമസ്ഥത എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് സെന്‍സസില്‍ പരിശോധിക്കേണ്ടത്. ജില്ലാ കലക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഏകീകരിച്ച് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇതേ വിഷയം പരിഗണിച്ചത്.
കേരളത്തില്‍ നിലവിലുള്ള 349 നാട്ടാനകളില്‍ 225 എണ്ണത്തിനു മാത്രമാണ് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഉള്ളത്. 124 എണ്ണത്തിന് ഇതില്ല. അതുകൊണ്ടു തന്നെ ഏതു വിധത്തിലാണ് ആനകളുടെ ഉടമസ്ഥതാവകാശം ആനകളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ലഭിച്ചത് എന്നറിയേണ്ടതുണ്ട്. സെന്‍സസിലൂടെ ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ആനകളുടെ പ്രായം കണക്കാക്കുന്നത് സംബന്ധിച്ച് വിദഗ്ധരായ ഡോ. ഈസ, ആനന്ദ് കുമാര്‍ എന്നിവരില്‍നിന്ന് കോടതി അഭിപ്രായം തേടി.
ആന വന്യമൃഗമാണ്. ഇതിനെ പിടിക്കാനും സൂക്ഷിക്കാനും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അനുമതി വേണം. തുടര്‍ന്ന് ഈ വന്യമൃഗങ്ങളുടെ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റും കൈമാറ്റം ചെയ്യുന്ന ആള്‍ക്ക് ആനയ്‌ക്കൊപ്പം നല്‍കണം. ഉടമസ്ഥത മാറുമ്പോള്‍ പുതിയ ഉടമസ്ഥന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post