പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. മുന്‍ കേന്ദ്ര സഹമന്ത്രി കൂടിയായ ഒഡീഷയില്‍ നിന്നുള്ള ഈ എംപിയുടെ ജീവിതയാത്ര വ്യത്യസ്തയാര്‍ന്ന ഒന്നാണ്. .
ബാല്യം മുതല്‍ ആത്മീയമായ കാര്യങ്ങളില്‍ തത്പരനായിരുന്നു അദ്ദേഹം. രാമകൃഷ്ണ മഠത്തില്‍ സന്യാസിയായി ചേരാനായിരുന്നു സാരംഗി ആഗ്രഹിച്ചത്. അങ്ങനെ പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള രാമകൃഷ്ണാശ്രമത്തിന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ അദ്ദേഹം തുടര്‍ച്ചയായി നിരവധി സന്ദര്‍ശനങ്ങള്‍ നടത്തി. എന്നാല്‍ സാരംഗിയുടെ വിധവയായ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് മഠത്തിലെ സന്യാസിമാര്‍ മനസ്സിലാക്കുകയും തിരികെ പോയി അമ്മയെ സേവിക്കണമെന്ന് അവര്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ സാരംഗി സമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കൂടി വ്യാപൃതനാകുകയായിരുന്നു.
കമ്മ്യൂണിറ്റി ഫണ്ടഡ് ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന നൂതന ആശയം കൊണ്ടുവന്ന് നടപ്പിലാക്കുക കൂടി ചെയ്തു അദ്ദേഹം.
2019ല്‍ മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, മത്സ്യബന്ധനം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള എംപിയായ അദ്ദേഹം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. നിയമസഭയിലേക്ക് അദ്ദേഹം രണ്ട് തവണ വിജയിച്ചിട്ടുണ്ട്. നീലഗിരി മണ്ഡലത്തില്‍ നിന്നാണ് 2004ലും 2009ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
വിവാദങ്ങള്‍ പലതും പിന്തുടര്‍ന്നെങ്കിലും സാധാരണക്കാരനെ പോലെ ജീവിക്കുകയും സൈക്കിളില്‍ യാത്ര ചെയ്യുകയും ഓലമേഞ്ഞ വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന പ്രതാപ് ചന്ദ്ര സാരംഗിയെ ഒഡീഷയില്‍ ഋഷി തുല്യനായാണ് കണക്കാക്കുന്നത്.
Discussion about this post