ചണ്ഡീഗഡ് : ഹരിയാന മുൻ മുഖ്യമന്ത്രിയും രാജ്യസഭാംഗവും ആയിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഗുരുഗ്രാമിലെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചുതവണ ഹരിയാന മുഖ്യമന്ത്രി ആയിട്ടുള്ള വ്യക്തിയാണ് ഓം പ്രകാശ് ചൗട്ടാല. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) പാർട്ടിയുടെ പ്രധാന നേതാവായിരുന്നു. ഏഴുതവണ എംഎൽഎ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989 മുതൽ 2005 വരെ തുടർച്ചയായി രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയായ റെക്കോർഡും ചൗട്ടാലയുടെ പേരിലുണ്ട്.
ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയും ആയിരുന്ന ചൗധരി ദേവി ലാലിൻ്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല. 1987-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1990 വരെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹരിയാനയിലെ ജൂനിയർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2013-ൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2021ലാണ് ചൗട്ടാല ജയിൽ മോചിതനായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ നേതാക്കൾ ഓം പ്രകാശ് ചൗട്ടാലയുടെ മരണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
Discussion about this post