ജയ്പൂർ : ജയ്പൂർ ഗ്യാസ് ടാങ്കർ അപകടത്തിന് ഇരയായവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും ആണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ആയിരുന്നു ജയ്പൂരിനെ നടുക്കിയ ഗ്യാസ് ടാങ്കർ അപകടം ഉണ്ടായത്. 11 പേരാണ് ഈ അപകടത്തിൽ ഇതുവരെ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ജയ്പൂർ-അജ്മീർ ഹൈവേയിൽ രാസവസ്തു നിറച്ച ട്രക്ക് മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്നാണ് അപകടം ഉണ്ടായത്.
വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം നടന്നത്. ജയ്പൂർ-അജ്മീർ റൂട്ടിൽ എൽപിജിയും മറ്റ് വാഹനങ്ങളും കയറ്റിയ ടാങ്കറുമായി രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ വലിയ രീതിയിലുള്ള തീപിടുത്തവും സ്ഫോടനവും ഉണ്ടായി. നിലവിൽ 28 പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഉള്ളത്. ഇവരിൽ ആറുപേർ വെന്റിലേറ്ററിലാണ്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അപകടസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനവും പരിക്കേറ്റവരുടെ ചികിത്സയും ഏകോപിപ്പിക്കുകയും ചെയ്തു.
Discussion about this post