ന്യൂഡൽഹി : ഇത്തവണ പുതുവർഷം എത്തുന്നത് നാളികേര കർഷകർക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്തയുമായാണ്. കർഷകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ കൊപ്രയുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. 420 രൂപ വരെയാണ് മിനിമം താങ്ങുവിലയിൽ വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.
2025ൽ മില്ലിങ് കൊപ്രയുടെ എംഎസ്പി ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയായും ബോൾ കൊപ്രയ്ക്ക് 100 രൂപ വർധിപ്പിച്ച് 12,100 രൂപയായും പുതുക്കിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി കൊപ്രയുടെ മിനിമം താങ്ങു വില വർദ്ധിപ്പിക്കാനായി തീരുമാനമെടുത്തത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്ത് കൊപ്ര ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ പങ്ക് കർണാടകയിൽ നിന്നുമാണ് . നാഫെഡും എൻസിസിഎഫും കേന്ദ്ര നോഡൽ ഏജൻസികളും ആയിരിക്കും കൊപ്ര സംഭരിക്കുന്നതിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ കോർപ്പറേഷനുകളുടെ സഹകരണം ഈ സംഭരണത്തിൽ ആവശ്യമാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
Discussion about this post