ബറെയ്ലി: 2022നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യങ്ങളില്‍ കര്‍ഷകര്‍ നേരിട്ടുവരുന്ന വെല്ലുവിളികളെ അവസരങ്ങളാക്കി രൂപാന്തരപ്പെടുത്തും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഉത്തര്‍പ്രദേശിലെ ബറെയ്ലിയില് കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ വാഗ്ദാനം. രാജ്യം 75ാം സ്വാന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്.
ഇന്ന് കര്‍ഷകര്‍ക്കു മുന്നില്‍ ഒട്ടനവധി വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികള്‍ക്കൊന്നും പരിഹാരമില്ലേ? നിങ്ങളുടെ സഹായമുണ്ടെങ്കില്‍ നമുക്ക് ഈ വെല്ലുവിളികളെ അവസരങ്ങളാക്കി രൂപാന്തരപ്പെടുത്താം. സംസ്ഥാനങ്ങള്‍ അവരുടേതായ നിലയ്ക്ക് മികച്ച പദ്ധതികളും രൂപീകരിച്ച് നടപ്പാക്കണം -മോദി പറഞ്ഞു.
കര്‍ഷകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ മികച്ച പദ്ധതികള്‍ നടപ്പാക്കിയപ്പോഴെല്ലാം ശ്രദ്ധേയമായ ഫലം ലഭിച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടക്കട്ടെയെന്നും തിരഞ്ഞെടുപ്പ് സമയത്ത് കാണാമെന്നുമുള്ള തരത്തിലുള്ള സര്‍ക്കാരുകളുടെ ചിന്താഗതി നിമിത്തം ദൈവത്തിന് മാത്രമേ കര്‍ഷകരെ സഹായിക്കാനാകൂ എന്ന അവസ്ഥയാണെന്നും മോദി പറഞ്ഞു.
കര്‍ഷക സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി റാലിയില്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തോടെ കര്‍ഷകരുടെ ഉല്പന്നങ്ങള് വില്‍ക്കുന്നതിനുള്ള ഒരു സൈബര്‍ വേദി തയാറാക്കുമെന്നും മോദി വ്യക്തമാക്കി.
Discussion about this post