ശ്രീനഗർ: കാർഗിൽ യുദ്ധത്തിന് മുന്നോടിയായി നടന്ന പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയ വ്യക്തി അന്തരിച്ചു. ലഡാക്ക് സ്വദേശി താഷി നംഗ്വാൽ ആണ് അന്തരിച്ചത്. 58 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ സൈന്യം അനുശോചിച്ചു.
പ്രായമായതിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ദ്രാസിൽ നടന്ന 25ാമത് കാർഗിൽ വിജയ് ദിവസിൽ നംഗ്യാൽ മകൾ സെറിംഗ് ഡോൾക്കറിനൊപ്പം പങ്കെടുത്തിരുന്നു.
1999 ൽ ആയിരുന്നു കാർഗിൽ യുദ്ധം നടന്നത്. അന്ന് അതിർത്തിവഴിയുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം ആടുകളെ തിരഞ്ഞ് നടക്കുന്നതിനിടെ ആണ് നംഗ്യാലിന്റെ ശ്രദ്ധയിൽപ്പെട്ടത്. മേയാൻവിട്ട ആട്ടിൻ കൂട്ടത്തെ കാണാതായതിനെ തുടർന്ന് ബട്ടാലിക് പർവ്വത നിരകളിൽ തിരഞ്ഞ് നടക്കുകയായിരുന്നു നംഗ്യാൽ. ഇതിനിടെ വേഷം മാറിയെത്തിയ പാക് പട്ടാളക്കാർ പ്രദേശത്ത് ബങ്കറുകൾ നിർമ്മിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ ഈ വിവരം അദ്ദേഹം സൈനികരെ അറിയിക്കുകയായിരുന്നു.
തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ സംഗതി സത്യമാണെന്ന് വ്യക്തമായി. ഇതോടെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. നംഗ്യാലിന്റെ സമയോചിതമായ ഇടപെടൽ ആയിരുന്നു അന്ന് രാജ്യത്തെ കാക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത്.
Discussion about this post