കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. ഇന്ന് പ്രധാനമന്ത്രി മോദി കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും മോദി കാണും.
43 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നത്. 1981ൽ രാജ്യം സന്ദർശിച്ച അവസാന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. പത്തുലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ ഉള്ളത്. കുവൈത്തിലെ ഏറ്റവും വലിയ വിദേശ ജനസമൂഹവും ഇന്ത്യയിൽ നിന്നുമാണ്. അതിനാൽ തന്നെ മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുന്നതായിരിക്കും.
പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിക്കും പ്രതിരോധ സഹകരണ കരാറിനും കുവൈറ്റുമായി ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സന്ദർശന വേളയിൽ ചില ഉഭയകക്ഷി കരാറുകൾക്ക് അന്തിമരൂപമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തിലെ സെക്രട്ടറി (ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്) അരുൺ കുമാർ ചാറ്റർജി പറഞ്ഞു. ഇന്ത്യയും നിലവിൽ കുവൈത്ത് അധ്യക്ഷനായ ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post