ന്യൂഡൽഹി : വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). വിമാന ടിക്കറ്റ് റീഫണ്ടുകളും ടിക്കറ്റ് ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരുന്നത്. മെഡിക്കൽ അടിയന്തരാവസ്ഥ കാരണം ഒരു യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാൽ, എയർലൈൻ മുഴുവൻ തുകയും തിരികെ നൽകണം അല്ലെങ്കിൽ ക്രെഡിറ്റ് നോട്ട് നൽകണമെന്നാണ് പുതിയ കരട് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്.
പുതിയ മാറ്റങ്ങൾ പ്രകാരം ടിക്കറ്റുകളിൽ ഇൻഷുറൻസ് ചേർത്തിട്ടുണ്ടെങ്കിൽ, വിമാനയാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് റദ്ദാക്കിയാൽ പോലും 80% വരെ റീഫണ്ട് ലഭിക്കുന്നതാണ്. ട്രാവൽ ഏജന്റുമാർ വഴി വാങ്ങിയ ടിക്കറ്റുകളുടെ റീഫണ്ട് ഇനി എയർലൈനിന്റെ ഉത്തരവാദിത്തമായിരിക്കും. അതായത് ഓൺലൈൻ പോർട്ടലുകൾ വഴിയോ ഏജന്റുമാർ വഴിയോ വാങ്ങിയ ടിക്കറ്റുകൾക്ക് പോലും റീഫണ്ട് നൽകേണ്ടത് എയർലൈൻ ആയിരിക്കും. ഇതിനായി 21 പ്രവൃത്തി ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
2025 നവംബർ 30 വരെ കരട് നിയമങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡിജിസിഎ സമയം നൽകിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് മാറ്റങ്ങൾ വരുത്തണമെങ്കിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് അഞ്ച് ദിവസം മുമ്പും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പുറപ്പെടുന്നതിന് 15 ദിവസം മുമ്പും എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് മാറ്റങ്ങൾ വരുത്താൻ കഴിയും. വികലാംഗ യാത്രക്കാർക്കുള്ള യാത്രാ മാനദണ്ഡങ്ങളും ഡിജിസിഎ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വികലാംഗ യാത്രക്കാർക്ക് മാത്രമേ വീൽചെയറുകൾ ഇനി മുൻഗണന നൽകൂ. വീൽചെയറുകൾ ഉപയോഗിക്കുന്നതിന് ശാരീരിക ശേഷിയുള്ള യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കും. വികലാംഗ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വ്യക്തമായ അടയാളങ്ങൾ, പ്രത്യേക ഡ്രോപ്പ്-ഓഫ് സോണുകൾ, മതിയായ സ്റ്റാഫ് എന്നിവ ഉറപ്പാക്കണം എന്നും പുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.












Discussion about this post