ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ബിഎൽഒമാരുടെ മരണങ്ങൾക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് രാഹുൽ ഗാന്ധി. എസ്ഐആർ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള മനഃപൂർവമായ തന്ത്രമാണ്. ജനങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ആണ് എസ്ഐആർ എന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
എസ്‌ഐആർ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്നും, ജനാധിപത്യത്തെ ബലികഴിക്കാനും അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാനുമുള്ള ഗൂഢാലോചനയാണെന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംവിധാനത്തിൽ, പൗരന്മാർക്ക് അവരുടെ പേരുകൾ കണ്ടെത്താൻ 22 വർഷം പഴക്കമുള്ള വോട്ടർ പട്ടികയുടെ ആയിരക്കണക്കിന് പേജുകൾ പരിശോധിക്കേണ്ടിവരുന്നുവെന്നും രാഹുൽ പറഞ്ഞു. യഥാർത്ഥ വോട്ടർമാരെ തളർത്തുകയും തട്ടിപ്പ് തടസ്സമില്ലാതെ തുടരാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്നും രാഹുൽ ആരോപിച്ചു.
എക്സിൽ ഹിന്ദിയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. എസ്ഐആർ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തിടുക്കം കാണിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അഭിപ്രായപ്പെട്ടു. നിർബന്ധിത എസ്‌ഐആർ നടപ്പാക്കൽ നോട്ട് നിരോധനത്തെയും കോവിഡ്-19 ലോക്ക്ഡൗണിനെയും ഓർമ്മിപ്പിക്കുന്നു എന്ന് ഖാർഗെ സൂചിപ്പിച്ചു. തിടുക്കത്തിലുള്ള ഈ ജോലിഭാരം മൂലമാണ് ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നത് എന്നും ഖാർഗെ കുറ്റപ്പെടുത്തി.











Discussion about this post