ടെൽ അവീവ് : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (FTA) രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കും. ഇസ്രായേൽ സന്ദർശനത്തിലുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിൽ ബുദ്ധിമുട്ട് കുറഞ്ഞ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതുവഴി ബിസിനസ്സ് സമൂഹത്തിന് വേഗത്തിലുള്ള നേട്ടങ്ങൾ നൽകുമെന്നും ഗോയൽ പറഞ്ഞു.
സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം വേഗത്തിൽ പൂർത്തിയാക്കുകയും വ്യാപാരികൾക്ക് വേഗത്തിൽ നേട്ടങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഇരു രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നത് എന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി അറിയിച്ചു. ഈ വ്യാഴാഴ്ചയാണ് ഇരു രാജ്യങ്ങളും ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് ചർച്ചകൾക്കുള്ള ഒരു ചട്ടക്കൂടിൽ (ToR) ഒപ്പുവച്ചത്. ഉൽപ്പന്നങ്ങളുടെ താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക, നവീകരണത്തിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും സഹകരണം വർദ്ധിപ്പിക്കുക, സേവന വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യാപാര കരാർ കൂടാതെ ഗവേഷണ വികസനം, നവീകരണം എന്നീ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് പിയൂഷ് ഗോയൽ അറിയിച്ചു. ഏഷ്യയിലെ ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവിൽ ഇന്ത്യ. ഓട്ടോമൊബൈൽ ഡീസൽ, രാസവസ്തുക്കൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്കുകൾ, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, മുത്തുകളും വിലയേറിയ കല്ലുകളും എന്നിവയാണ് പ്രധാന കയറ്റുമതി. രാസവസ്തുക്കളും വളങ്ങളും, യന്ത്രങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയാണ് പ്രധാന ഇറക്കുമതികൾ.











Discussion about this post