എം.എസ്. ധോണി തന്നോട് ദേഷ്യപ്പെട്ടതെങ്ങനെയെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) ബൗളർ ദീപക് ചാഹർ അനുസ്മരിച്ചു. ബിഗ് ബോസ് ഷോയുടെ ഭാഗമായി ഫാമിലി വീക്കിലൂടെ ദീപക് ബിഗ് ബോസ് 19 ഹൗസിൽ പ്രവേശിക്കുക ആയിരുന്നു. താരത്തിന്റെ സഹോദരി മാൾട്ടി ചാഹർ, ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്നു.
ചെന്നൈയിൽ നടന്ന 2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിലെ ഒരു സംഭവം ചാഹർ ഓർമ്മിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബോർഡിൽ 160/3 എന്ന സ്കോർ നേടി. ചേസിംഗിൽ പി.ബി.കെ.എസിന് 12 പന്തിൽ നിന്ന് 39 റൺസ് വേണ്ട അവസ്ഥയിലായിരുന്നു കാര്യങ്ങൾ. 19-ാം ഓവർ എറിയാൻ ദീപക് ചാഹർ എത്തിയപ്പോഴായിരുന്നു സംഭവം. ആദ്യം ഒരു നോ-ബോൾ എറിഞ്ഞ താരം ആ പന്തിൽ ബൗണ്ടറി വഴങ്ങി . പഞ്ചാബിന്റെ മികച്ച താരം സർഫറാസ് ഖാൻ സ്ട്രൈക്കിൽ ആയിരിക്കെ അടുത്ത പന്തിലും താരം മറ്റൊരു നോ-ബോൾ എറിഞ്ഞു. പിന്നാലെ എം.എസ്. ധോണി ദേഷ്യപ്പെടുകയും അതേ പേരിൽ തന്നെ ശകാരിക്കുകയും ചെയ്തതെങ്ങനെയെന്ന് അദ്ദേഹം ഓർമ്മിച്ചു.
“ആ മത്സരത്തിൽ ഞാൻ ഡെത്ത് ബൗൾ ചെയ്യുകയായിരുന്നു. സർഫറാസ് ഖാൻ ആയിരുന്നു ബാറ്റ് ചെയ്യാൻ നിന്നത്. അദ്ദേഹത്തിന് എന്ത് പന്ത് എറിയണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. സർഫറാസ് സ്കൂപ്പ് ഷോട്ട് നന്നായി കളിക്കുന്ന താരമാണ്. അതിനാൽ സ്ലോ ബോൾ എറിഞ്ഞ് അവനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനാൽ ഞാൻ ലെഗ് സ്റ്റമ്പിന് പുറത്ത് ഒരു ലെഗ് കട്ടർ എറിഞ്ഞു. അത് ഒരു ഫുൾ-ടോസ് ആയി മാറി, കൂടെ നോ-ബോളും, പന്ത് ആകട്ടെ ബൗണ്ടറിയും പോയി. പ്ലാൻ ശരിയാണെന്ന് ഞാൻ കരുതി, പക്ഷേ എക്സിക്യൂഷൻ തെറ്റായിരുന്നു. അതിനാൽ ഞാൻ വീണ്ടും അതേ പന്ത് എറിഞ്ഞു, അത് വീണ്ടും നോ-ബോൾ ആയി മാറി” അദ്ദേഹം പറഞ്ഞു.
“എന്റെ ഡെത്ത് ബൗളിംഗ് കരിയർ തന്നെ അവസാനിച്ചു എന്ന് ഞാൻ കരുതി. മഹി ഭായ് വന്ന് ദേഷ്യത്തോടെ നീ മണ്ടനല്ല, ഞാൻ മണ്ടനാണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ഇനി ബൗളിംഗ് ലഭിക്കില്ലെന്ന് ഞാൻ കരുതി, ഞാൻ തല താഴ്ത്തി കേട്ടുകൊണ്ടിരുന്നു. പക്ഷേ അടുത്ത അഞ്ച്-ആറ് പന്തുകളിൽ ഞാൻ അഞ്ച് റൺസ് മാത്രം നൽകി ഒരു വിക്കറ്റും നേടി, ഞങ്ങൾ കളി ജയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post