എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം തള്ളി കോടതി. വിചാരണ കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്.
ഡിസംബർ 12 -ാം തീയതിയാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് നടി വിചാരണക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു.
Discussion about this post