ന്യൂഡൽഹി: ദിനംപ്രതി യുപിഐ ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇതുവരെ 131 ബില്യൺ ആളുകൾ ഈ ലോകത്ത് യുപിഐ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എളുപ്പത്തിൽ എത്ര തുക വേണമെങ്കിൽ കൈമാറ്റം ചെയ്യാം എന്നതാണ് യുപിഐ ഇടപാടുകളെ പ്രിയപ്പെട്ടത് ആക്കുന്നത്.
എന്നാൽ ഇടപാടുകാരുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. സെർവർ പ്രശ്‌നം ഉൾപ്പെടെയുള്ള സാങ്കേതിക തകരാർ പലപ്പോഴും പണമിടപാടിന് തലവേദന സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് എങ്ങനെ പരാതിപ്പെടണം എന്ന് പോലും ആർക്കും അറിയില്ല. യുപിഐ പണമിടപാടിനിടെ സാങ്കേതിക പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നാൽ ഉപയോക്താക്കൾക്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻസിപിസിഐ) പരാതി നൽകാം.
ഇതിനായി ആദ്യം എൻസിപിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. ഇതിൽ യുപിഐ വിഭാഗം തിരഞ്ഞെടുക്കുക. ഇതിൽ തർക്ക പരിഹാര സംവിധാനം എന്നതിൽ ക്ലിക്ക് ചെയ്ത് പരാതി വിഭാഗത്തിന് കീഴിലെ ഇടപാട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇവിടെ ഇടപാടിന്റെ സ്വഭാവം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇതിൽ എന്താണോ നിങ്ങളുടെ പരാതി ഇത് രേഖപ്പെടുത്താം.
ഇടപാട് ഐഡി, ബാങ്കിന്റെ പേര്, യുപിഐ ഐഡി, ഇടപാട് നടന്ന തിയതി, തുടങ്ങിയ വിശദമായ വിവരങ്ങൾ ചേർക്കാം. ശേഷം യുപിഐ രജിസ്‌ട്രേഷൻ ഉള്ള മൊബൈൽ നമ്പർ നൽകാം. പരാതി പൂർത്തിയാകാൻ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന്റെ ഫോട്ടോയും ആവശ്യമാണ്. പരാതി നൽകി കഴിഞ്ഞാൽ ഉടനെ തന്നെ പരിഹാരം ലഭിക്കും.
Discussion about this post