കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയഞ്ചേരി ആനതുഴിയിൽ വി വിനീഷ് ആണ് മരിച്ചത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന സൈനുദ്ദീൻ വധക്കേസിലെ പ്രതിയാണ് വിനീഷ്.
പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ ആണ് വിനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന വിനീഷ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പരോളിലിറങ്ങി നാട്ടിലെത്തിയിരുന്നത്. അടുത്തദിവസം ജയിലിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഇന്ന് വിനീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2008 ലായിരുന്നു സിപിഎം പ്രവർത്തകർ ചേർന്ന് എൻഡിഎഫ് പ്രവർത്തകനായ സൈനുദ്ദീനെ കൊലപ്പെടുത്തിയിരുന്നത്. 2014ൽ എറണാകുളം സിബിഐ കോടതി കേസിലെ പ്രതികളെ ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷയായിരുന്നു വിനീഷിന് ലഭിച്ചിരുന്നത്. വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നെങ്കിലും 2019ൽ ഹൈക്കോടതിയും ഈ ശിക്ഷ ശരി വച്ചിരുന്നു.
Discussion about this post