ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ എൻ എസ് തുശീൽ (INS Tushil (F70)) ലണ്ടനിലെത്തി. ലണ്ടൻ നഗരഹൃദയത്തിലെ ടവർ ബ്രിഡ്ജിൻ്റെ മുന്നിൽ തെംസ് നദിയിലൂടെ ഭാരത നാവികസേനയുടെ ഏറ്റവും പുതിയ മിസൈൽ വാഹിനി യുദ്ധക്കപ്പൽ കടന്ന് പോകുന്ന ചിത്രങ്ങൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ എക്സിൽ പങ്കുവച്ചു. ലണ്ടനിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പൽ ഹൈക്കമ്മീഷണർ ശ്രീ സുർജിത് ഘോഷ് സന്ദർശിക്കുന്നതിൻ്റേയും കപ്പലിൻ്റെ കമാൻഡിങ് ഓഫീസർ ആയ ക്യാപ്റ്റൻ പീറ്റർ വർഗ്ഗീസ് കപ്പലിൻ്റെ വിവരങ്ങൾ ഹൈക്കമീഷണർക്ക് വിവരിച്ചുകൊടുക്കുന്നതിൻ്റേയും ദൃശ്യങ്ങൾ എക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളിയായ ക്യാപ്റ്റൻ പീറ്റർ വർഗ്ഗീസ് മിസൈൽ, ഗണ്ണറി വിദഗ്ധനാണ്. പാകിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ നാവിക ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൽവാർ ക്ളാസ് (Talwar-class frigate) കപ്പലുകളുടെ ഗണത്തിൽ പെടുന്നതാണ് ഐ എൻ എസ് തുശീൽ. റഡാറിൽ നിന്ന് മറഞ്ഞ് നിൽക്കാൻ കഴിവുള്ളതാണ് തൽവാർ ക്ളാസ് യുദ്ധക്കപ്പലുകൾ. ബലവത്തായ ഈ കപ്പലുകളിൽ മിസൈൽ വിക്ഷേപണ സന്നാഹങ്ങളും ഉണ്ടാകും. റഷ്യൻ സാങ്കേതികവിദ്യയിലാണ് ഇവ നിർമ്മിക്കുന്നത്. സോവിയറ്റ് നാവിക സേനയുടെ അഭിമാനമായിരുന്ന ക്രിവാക് ക്ളാസ് (Krivak III-class) യുദ്ധക്കപ്പലുകളുടെ പുതുക്കിയ രൂപമാണ് ഇന്നത്തെ തൽവാർ ക്ളാസ് കപ്പലുകൾ.
‘സുരക്ഷിത കവചം‘ എന്നാണ് ‘തുശീൽ‘ എന്ന സംസ്കൃത വാക്കിൻ്റെ അർത്ഥം. നിർഭയ് അഭേദ്യ ഓർ ബൽശീൽ എന്നാണ് ഈ കപ്പലിൻ്റെ മുദ്രാവാക്യം. നിർഭയത, ഒരിക്കലും തകർക്കാനാവാത്തത്, ബലമേറിയത് എന്നാണ് അതിൻ്റെ അർത്ഥം. ഏതാണ്ട് അഞ്ഞൂറടിയോളം നീളമുള്ള ഈ യുദ്ധക്കപ്പലിന് 3620 ടൺ ഭാരമുണ്ട്. 44000 കുതിരശക്തിയുള്ള ഇതിൻ്റെ പ്രൊപ്പൽഷന് ഏതാണ്ട് 30 നോട്ട് (56 km/h) വേഗതയിൽ കപ്പലിനെ എത്തിക്കാനുള്ള കഴിവുണ്ട്. യന്ത്രത്തോക്കുകളും ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകളും സജ്ജീകരിച്ചിട്ടുള്ള ഈ യുദ്ധക്കപ്പലിൽ നിന്ന് അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനും കഴിയും. റഡാർ സോണാർ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്താനാകാത്ത വിധം സ്റ്റെൽത് സാങ്കേതികവിദ്യ (Stealth technology) ഉപയോഗിച്ചാണ് ഈ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
റഷ്യയിലെ കലിനിൻഗ്രാഡ് തുറമുഖത്തിലാണ് ഐ എൻ എസ് തുശീൽ നീറ്റിലിറക്കിയത്. രണ്ട് മാസത്തോളം നീണ്ട ഗുണനിലവാര പരിശോധനകൾക്ക് ശേഷം ഫെബ്രുവരി ഒൻപതിനാണ് ഔദ്യോഗികമായി കപ്പൽ ഉത്ഘാടനം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് കലിനിൻഗ്രാഡിൽ വച്ച് ഉത്ഘാടന കർമ്മം നിർവഹിച്ചത്. ഇന്ത്യയിലെ സ്ഥാപനങ്ങളായ ബ്രഹ്മോസ് എയ്രോസ്പേസ്, ഭാരത് ഇലക്ട്രോണിക്സ്, നോവാ ഇൻ്റഗ്രേറ്റഡ് സിസ്റ്റംസ് എന്നീ അനേകം കമ്പനികളും ഈ യുദ്ധക്കപ്പലിൻ്റെ നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്.
കമാൻഡർ ക്യാപ്റ്റൻ പീറ്റർ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ഇരുനൂറോളം നാവികരുമായി കലിനിൻഗ്രാഡിൽ നിന്ന് പുറപ്പെട്ട ഐ എൻ എസ് തുശീൽ നങ്കൂരമിടുന്ന ആദ്യത്തെ തുറമുഖമാണ് ലണ്ടൻ. ഇവിടെ നിന്ന് മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ ജർമ്മനിയിലും മറ്റ് അനേകം രാജ്യങ്ങളിലും ഐ എൻ എസ് തുശീൽ നാവികാഭ്യാസങ്ങൾ നടത്തും. ഇതിനൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലേയും അത്ലാൻഡിക് സമുദ്രത്തിലേയും കടൽക്കൊള്ളക്കാർക്കെതിരേയുള്ള നാവികാഭ്യാസങ്ങളും ഉൾപ്പെടുമെന്ന് പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വഹിക്കാനും വിക്ഷേപിക്കാനും ശേഷിയുള്ള ഈ യുദ്ധക്കപ്പൽ ഭാരതീയ നാവികസേനയുടെ ആവനാഴിയിലെ മറ്റൊരു ദിവ്യാസ്ത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധക്കപ്പലുകളുമായെത്തി നമ്മുടെ രാജ്യത്തെ കോളനിയാക്കി ഭരിച്ച രാജ്യത്തിൻ്റെ തലസ്ഥാനമായ ലണ്ടനിൽ തന്നെ ഭാരതത്തിൻ്റെ അത്യന്താധുനിക യുദ്ധക്കപ്പൽ വന്നണയുന്നതിൻ്റെ കാവ്യഭംഗിയെപ്പറ്റി സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
അതെന്തായാലും റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ പോലും വാങ്ങുന്നതിനെതിരെ വലിയ പ്രചാരണപ്രവർത്തനങ്ങളാണ് ബ്രിട്ടൺ ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ നടത്തുന്നത്. റഷ്യക്കെതിരെ ഉപരോധവും നടത്തി റഷ്യയുമായി ഉക്രൈനിൽ നേരിട്ടല്ലാതെയുള്ള യുദ്ധത്തിലും ഏർപ്പെട്ടിരിക്കുന്ന ബ്രിട്ടൻ്റെ തലസ്ഥാനത്ത് റഷ്യയിൽ നിർമ്മിച്ച ഒരു യുദ്ധക്കപ്പൽ അവിടെ നിന്ന് നീറ്റിലിറക്കി നേരേ കൊണ്ട് വന്ന് നങ്കൂരമിടാൻ ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് മാത്രമേ കഴിയൂ എന്നത് അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ഭാരതം ആർജ്ജിച്ചെടുത്ത വിശ്വാസ്യതയുടെയും ബന്ധങ്ങളുടേയും പുതിയ യുഗത്തിൻ്റെ വ്യക്തമായ തെളിവാണെന്നാണ് പ്രതിരോധവിദഗ്ധരുടെ അഭിപ്രായം.
#INSTushil, #IndianNavy, #MaidenDeployment, #LondonPortCall, #StealthFrigate, #MaritimeDiplomacy, #IndiaUKRelations, #DefenceCooperation, #StrategicPartnership, #NavalDeployment, #GlobalDefence, #MilitaryDiplomacy
Discussion about this post