ന്യൂഡൽഹി: 43 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിച്ചതിന്റെ തുടർന്ന് നടപ്പിൽ വരാൻ പോകുന്നത് നിർണായക കരാറുകൾ. പ്രതിരോധം, സാംസ്‌കാരിക വിനിമയം, കായികം, ഊർജ്ജ മേഖല എന്നിവയിൽ ഇന്ത്യ-കുവൈറ്റ് സഹകരണത്തിന് ധാരണയായി. ഇതോടു കൂടി ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി.
പ്രതിനിധിതല ചർച്ചകൾക്ക് ശേഷം സന്ദർശനത്തിനിടെ നാല് ഉഭയകക്ഷി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം , 2025-2029 വർഷത്തേക്കുള്ള കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം , 2025-2028 കാലയളവിലെ കായിക മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാം. ഇത് കൂടാതെ ഇന്ത്യ മുൻകൈ എടുത്ത് മുന്നോട്ട് കൊണ്ട് പോകുന്ന ഇൻ്റർനാഷണൽ സോളാർ അലയൻസിൽ കുവൈറ്റ് അംഗമാവുകയും ചെയ്തു.
ജിസിസിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ-ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.4 പതിറ്റാണ്ടിനിടെ ആദ്യമായി കുവൈത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപും ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു.
സാമ്പത്തിക സഹകരണം, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ തന്ത്രപരമായ പങ്കാളിത്തം ഇരു രാജ്യത്തെയും പ്രതിനിധികൾ ചർച്ച ചെയ്തു. ഊർജം, പ്രതിരോധം, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഫുഡ് പാർക്കുകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ വിലയിരുത്താൻ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയെ മോദി രാജ്യത്തേക്ക് ക്ഷണിച്ചു
Discussion about this post