സംഗീതാസ്വാദകരെ ഒന്നാകെ, വേദനയിലാഴ്ത്തിക്കൊണ്ടായിരുന്നു ലോകപ്രശസ്ത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗവാർത്ത പുറത്ത് വന്നത്. അപൂർവ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 15ന് ആയിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വാർത്തയ്ക്ക് പിന്നാലെ, സാക്കിർ ഹുസൈന്റെ കുടുംബം പങ്കുവച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്.
ചേർത്ത് പിടിച്ചിരിക്കുന്ന നാല് കൈകളെയാണ് സാക്കിർ ഹുസൈന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുടുംബം പങ്കുവച്ചിരിക്കുന്നത്. സാക്കിർ ഹുസൈന്റെ കൈകൾക്ക് മുകളിൽ അദ്ദേഹത്തിന്റെ ഭാര്യ അന്റോണിയ മിന്നെകോള, മക്കളായ അനിഷ ഖുറേഷി, ഇസബെല്ലാ ഖുറേഷി എന്നിവർ ഒന്നിന് മുകളിൽ ഒന്നായി കൈകൾ ചേർത്ത് പിടിക്കുന്നതാണ് ചിത്രം. സാക്കിർ ഹുസൈൻ അദ്ദേഹത്തിന്റെ തബലയിലാണ് കൈ വച്ചിരിക്കുന്നത്. ‘സ്‌നേഹത്തിൽ എന്നെന്നും ഒരുമിച്ച്’ എന്നാണ് ചിത്രത്തിന് കാപ്ഷനായി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ഉസ്താദ് സക്കീർ ഹുസൈൻ. അദ്ദേഹത്തിന്റെ പിതാവ് അല്ലാഹ് റഖയും ഒരു പ്രശസ്ത തബല വാദകനായിരുന്നു.1951-ൽ മുംബൈയിൽ ജനിച്ച സക്കീർ ഹുസൈൻ ലോകത്തിലെ ഏറ്റവും മികച്ച തബല സംഗീതജ്ഞരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
സംഗീത ലോകത്തിനുള്ള സംഭാവനകൾ പരിഗണിച്ച് ഇന്ത്യ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. 1999-ൽ യുഎസ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്സ് അദ്ദേഹത്തിന് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നൽകിയപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ആഗോള അംബാസഡറായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. നാലുതവണ ലോകപ്രശസ്തമായ ഗ്രാമി അവാർഡുകൾ നേടുകയും ഏഴുതവണ ഗ്രാമി നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഉസ്താദ് സക്കീർ ഹുസൈൻ.
വെറും 7 വയസ്സുള്ളപ്പോൾ സക്കീർ ഹുസൈൻ തന്റെ ആദ്യ കച്ചേരി നടത്തിയിരുന്നു. 11 വയസ്സുള്ളപ്പോൾ അദ്ദേഹം തബല വാദകനായി ലോകപര്യടനം ആരംഭിച്ചു. 1989-ൽ ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന ചിത്രത്തിലൂടെ സക്കീർ ഹുസൈൻ സിനിമയിലും അരങ്ങേറ്റം കുറിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച ആദ്യ ഇന്ത്യൻ സംഗീതജ്ഞനെന്ന നിലയിൽ സക്കീർ ഹുസൈൻ ചരിത്രം സൃഷ്ടിച്ചു. 1978-ൽ അദ്ദേഹം ഇറ്റാലിയൻ-അമേരിക്കൻ കഥക് നർത്തകി അന്റോണിയ മിനക്കോളയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.
Discussion about this post