ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഹസീനയ്ക്ക് ബംഗ്ലാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത്. ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബംഗ്ലദേശ് സന്ദർശനത്തിനു പിന്നാലെയാണ് ഹസീനയെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നത്. ഹസീന ഇന്ത്യയിൽ തുടരുന്നതിനെക്കുറിച്ചും മിശ്രിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും ചർച്ച നടത്തിയിരുന്നു.ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന്, ബംഗ്ലാദേശ് വിട്ട ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.
Discussion about this post