പാല്‍ഘര്‍: മത്സ്യത്തൊഴിലാളികളുടെ മനസ്സുനിറച്ച് അറബിക്കടലില്‍ ആവോലി ചാകര. ഈ സീസണില്‍ ഇതുവരെ മാത്രം 600 ടണ്ണിലേറെ ആവോലി മത്സ്യം ലഭിച്ചതായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വര്‍ഷകാലത്ത് പതിവായുള്ള ട്രോളിങ് നിരോധനം ഓഗസ്റ്റ് ഒന്നിനാണ് അവസാനിക്കുന്നത്. ഇത്തവണ ജില്ലയിലെ മത്സ്യത്തൊഴിലാളി കൂട്ടായ്മകള്‍ 15 ദിവസത്തിനു ശേഷമാണ് മത്സ്യബന്ധനം ആരംഭിച്ചത്.
500 ഗ്രാമില്‍ ഏറെ തൂക്കമുള്ള ആവോലിയാണ് ലഭിച്ചിരിക്കുന്നത്. പാല്‍ഘര്‍ സാത്പാട്ടി മത്സ്യ ബന്ധന തുറമുഖത്തെ തൊഴിലാളി സഹകരണ സംഘങ്ങളുടെ കീഴിലുള്ള 170 ബോട്ടുകള്‍ക്കാണ് കൂടുതല്‍ ആവോലി ലഭിച്ചത്.
വേറിട്ട തരം ഗില്‍നെറ്റുകള്‍ ഉപയോഗിച്ചാണ് ആവോലിയും ചൂരയും അയലയും കോരുന്നത്. ഈ വലിപ്പത്തിലുള്ള ആവോലി കരയ്‌ക്കെത്തിയാലുടന്‍ പൊന്നുവിലയ്ക്ക് വാങ്ങാന്‍ കയറ്റുമതിക്കാരെത്തും. സാധാരണ ചെറിയ തരം മീനുകളാണ് പ്രാദേശിക വിപണികളില്‍ എത്തുന്നത് തൂക്കം കൂടിയ ആവോലിക്ക് ഒരു കിലോഗ്രാമിന് 1400 രൂപ വരെ വിലയുണ്ട്. 300 ഗ്രാമിനു താഴെ തൂക്കമുള്ളതിന് 600, 700 രൂപയാണ് മൊത്ത വിപണിയിലെ വില.
നയ്ഗാവ്, വസായ്, അര്‍ണാല, കേള്‍വ-മാഹിം, സാത്പാട്ടി, ചിന്‍ചന്‍, ഡഹാണു, ബോര്‍ഡി എന്നീ മത്സ്യ ബന്ധന തുറമുഖങ്ങളില്‍ ആവോലി കൂടാതെ ബോംബില്‍, മാന്ത്ലി തുടങ്ങിയ മറ്റ് മത്സ്യങ്ങളും ഈ സീസണില്‍ കൂടുതല്‍ ലഭിച്ചതായി മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
Discussion about this post