കോഴിക്കോട് : വടകരയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിനുള്ളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിൽ ആയിരുന്നു കാരവൻ ഉണ്ടായിരുന്നത്. നാട്ടുകാർക്ക് തോന്നിയ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനത്തിന്റെ മുൻപിലെ സ്റ്റെപ്പിന് അരികിലായും വാഹനത്തിന്റെ പുറകിലായും ആണ് രണ്ട് പുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ വിശദമായ അന്വേഷണത്തിൽ മരിച്ച ആളുകളെ തിരിച്ചറിഞ്ഞു.
കണ്ണൂർ പറശേരി സ്വദേശി ജോയൽ, മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഒരു വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയതായിരുന്നു ഇരുവരും. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയൽ. വാഹനത്തിലെ എയർകണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നും ഉണ്ടായ വാതക ചോർച്ച ആയിരിക്കാം മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post