മരട്: മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് നിയമപരമായ രീതിയിൽ നീങ്ങിയാൽ പുതിയ കെട്ടിടം നിർമിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ . ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ സുപ്രീംകോടതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകൾ പൊളിച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ മരട് നഗരസഭയിലെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണു ഗൗരവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്. പൊളിച്ച ഫ്ലാറ്റുകൾ നിന്നിടത്ത് എത്രമാത്രം നിർമാണം അനുവദിക്കാം എന്നതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
2019-ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് നഗരസഭ കാറ്റഗറി രണ്ടിൽ പെടുന്ന മേഖലയാണിത്. ഇത് വ്യക്തമാക്കുന്ന കത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിക്കു കൈമാറിയിരുന്നു. കാറ്റഗറി രണ്ടിൽ നിയന്ത്രണങ്ങളോടെ നിർമാണം അനുവദിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ക്രിസ്മസ് അവധിക്കാലത്ത് മരട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അമിക്കസ് ക്യൂറിക്കു നിർദേശം നൽകിയത്.
കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) നിയമങ്ങൾ ലംഘിച്ചതിന് 2019 മെയ് മാസത്തിലാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കെട്ടിടങ്ങൾ പൊളിച്ചത്. വേമ്പനാട്ട് കായലിനോട് വളരെ അടുത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്, വേലിയേറ്റ രേഖയുടെ 200 മീറ്ററിനപ്പുറം മാത്രം നിർമ്മാണം നടത്താൻ അനുവദിക്കുന്ന സിആർസെഡിൻ്റെ ലംഘനമാണിതെന്ന് കോടതി വിധിച്ചു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിലായി പൊളിച്ചത്. നെട്ടൂർ ജെയിൻ കോറൽ കേവ്, ആൽഫ സെറിൻ, കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്.ടു.ഒ., കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നിവയാണു പൊളിച്ചത്. 343 ഫ്ലാറ്റ് ഉടമകളാണ് ആകെ ഉണ്ടായിരുന്നത്.
Discussion about this post