ലക്‌നൗ: പാർലമെന്റിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ നടപടിയുമായി യുപി ജില്ലാ കോടതി. വിഷയത്തിൽ കോടതിയ്ക്ക് മുൻപാകെ ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകി. ജൂൺ 25 ന് ആയിരുന്നു പാർലമെന്റിൽ ഒവൈസി പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാർത്തകളും പ്രചരിച്ചതിന് പിന്നാലെ അഭിഭാഷകനായ വീരേന്ദ്ര ഗുപ്ത കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിലാണ് കോടതി നടപടി നടപടി സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിൽ എംപി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്റെ ഹർജി.
അഞ്ച് പ്രാവശ്യം എംപിയായ വ്യക്തിയാണ് ഒവൈസി. പാർലമെന്റിന്റെ ചട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. എന്നിട്ടും പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയത് ചട്ടലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ ജൂലൈ 12 ന് എംപി/എംഎൽഎ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുപി ജില്ലാ കോടതിയിൽ ഹർജി നൽകിയത്.
ജില്ലാ ജഡ്ജി സുധീറാണ് ഹർജി പരിഗണിച്ചത്. ഇതിന് പിന്നാലെ ഒവൈസിയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. ജനുവരി 7 ന് മുൻപ് കോടതിയിൽ ഹാജരാകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
ജൂൺ 25 ന് ആയിരുന്നു ഒവൈസി ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനിടെ പലസ്തീനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നിങ്ങനെ ആയിരുന്നു ഒവൈസിയുടെ മുദാവാക്യം.
Discussion about this post