ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ്
ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോൾ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ മുതൽ ഇടയ്ക്കിടെ കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി പരിശോധിച്ചിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ ഇപ്പോൾ കുട്ടി ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെയാണ്. തലച്ചോറിനേറ്റ മാരകമായ ക്ഷതം മൂലം കുട്ടി കണ്ണ് തുറക്കുകയോ ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നൽകുന്നത്. തലച്ചോറിനേറ്റ മാരകപരിക്കുകൾ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, മരിച്ച രേവതിയുടെ മകന് രണ്ടുകോടി രൂപ നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് അറിയിച്ചു. കുട്ടിയുടെയും കുടുംബത്തിന്റെയും ഭാവിക്കായി ആണ് ഈ തുക നൽകുന്നത് എന്നും അല്ലു അരവിന്ദ് അറിയിച്ചു.
ശ്രീതേജിന് നൽകാൻ തീരുമാനിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ ഒരു കോടി രൂപ അല്ലു അർജുനും ഒരു കോടി രൂപ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും ചേർന്നാണ് നൽകുന്നത് എന്നും അല്ലു അരവിന്ദ് വ്യക്തമാക്കി. രേവതിയുടെ കുടുംബത്തെ നേരിൽ കാണുന്നതിനോ ബന്ധപ്പെടുന്നതിനോ നിയമപരമായി തടസ്സമുള്ളതിനാൽ ഈ തുക തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്സൺ ദിൽ രാജുവിനെ ഏൽപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post