ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത് വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. അരവിന്ദ് കെജ്രിവാൾ ഒരു ദേശവിരുദ്ധനാണ്. ആം ആദ്മിയുമായി ഉണ്ടാക്കിയ സഖ്യം തെറ്റാണെന്ന് ബോധ്യപ്പെട്ട് അത് തിരുത്തുകയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നതെന്നും അജയ് മാക്കൻ അറിയിച്ചു.
ആം ആദ്മി സർക്കാരിനെതിരെ ‘മൗക മൗക്ക, ഹർ ബാർ ധോക്ക’ എന്ന തലക്കെട്ടിൽ 12 പോയിൻ്റുള്ള ധവളപത്രവും എഐസിസി ട്രഷറർ കൂടിയായ അജയ് മാക്കൻ പുറത്തിറക്കി. അഴിമതി വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലെത്തിയ അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ചെയ്യുന്നത് മുഴുവൻ അഴിമതി ആണെന്നും മാക്കൻ കുറ്റപ്പെടുത്തി. ഡൽഹിയെ ലണ്ടൻ പോലെ ആക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവർ ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും മലിനീകൃതമായ സംസ്ഥാനമായി ഡൽഹിയെ മാറ്റി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളം ഉള്ള എല്ലാ തട്ടിപ്പുകളുടെയും രാജാവാണ് അരവിന്ദ് കെജ്രിവാൾ. 10 വർഷം മുമ്പ് ജൻലോക്പാൽ എന്ന നയത്തിലൂടെ അധികാരത്തിലെത്തിയതാണ്. എന്നാൽ ഇതുവരെയും ഡൽഹിയിൽ ജൻലോക്പാൽ നടപ്പിലാക്കിയില്ല. ലെഫ്റ്റനന്റ് ഗവർണർ അനുവദിക്കുന്നില്ല എന്നാണ് അവർ ന്യായം പറയുന്നത്. എങ്കിൽ പഞ്ചാബിൽ എന്തുകൊണ്ട് അവർ ജൻലോക്പാൽ നടപ്പിലാക്കുന്നില്ല. അപ്പോൾ മനസ്സിലാക്കാം ആം ആദ്മി പാർട്ടി പറയുന്നതെല്ലാം ഒഴിവുകഴിവുകൾ മാത്രമാണ് എന്നും അജയ് മാക്കൻ കുറ്റപ്പെടുത്തി.
Discussion about this post