ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി. തിരഞ്ഞെടുപ്പിന് മുമ്പ് തെറ്റായ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ പറ്റിക്കുകയാണ് ആം ആദ്മി പാർട്ടിയെന്ന് ബി ജെ പി. ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്ത മുഖ്യമന്ത്രി ആതിഷിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ, 2024 മാർച്ചിലാണ് ‘മുഖ്യ മന്ത്രി മഹിളാ സമ്മാൻ യോജന’ പ്രഖ്യാപിച്ചത്. ഇത് പ്രകാരം 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ ലഭിക്കും. എന്നാൽ ഇങ്ങനെയൊരു പദ്ധതി വെറും കടലാസ്സിൽ മാത്രമാണ് നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരു പദ്ധതി ഇല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി. ഈ വിഷയത്തിലാണ് ബി ജെ പി ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ ആകർഷിക്കാൻ ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കും എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അത് തള്ളിക്കളയുകയും ചെയ്യും. ഇത് ആം ആദ്മി പാർട്ടിയുടെ സ്ഥിരം പ്രവർത്തനരീതിയാണെന്ന് ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
“2022 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പഞ്ചാബിലും പാർട്ടി ഈ രീതി സ്വീകരിച്ചിരുന്നു . 2021 ഡിസംബറിൽ, AAP ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പഞ്ചാബിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന സമാനമായ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ ഈ , വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടിട്ടില്ല, ”അദ്ദേഹം പറഞ്ഞു.
Discussion about this post