ഇടുക്കി: നെടുങ്കണ്ടത്ത് ജ്വല്ലറിയിൽ മോഷണം നടത്തിയ ഇറാനി ഗ്യാംഗ് അംഗങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് അറസ്റ്റിലായത്. കുറുവ സംഘത്തെ പോലെ ചെറുസംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തുന്ന സംഘമാണ് ഇറാനി ഗ്യാംഗ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ജുവെൽസിൽ ആയിരുന്നു പ്രതികൾ മോഷണം നടത്തിയത്. ആഭരണം വാങ്ങാൻ എന്ന വ്യാജേന ആയിരുന്നു പ്രതികൾ ജ്വല്ലറിയിൽ എത്തിയത്. ഇതിനിടെ സ്വർണം സൂക്ഷിച്ചിരുന്ന പൊതി ഹൈദർ കൈക്കലാക്കുകയായിരുന്നു. ഇത് ഉടമ കണ്ടതോടെ ദൈറിനെ ജീവനക്കാർ പിടികൂടി. ഈ തക്കത്തിൽ മുബാറക് ഓടി രക്ഷപ്പെടുകയായിരുന്നു.
ജ്വല്ലറി ഉടമ വിവരം അറിയിച്ചതിന് തുടർന്ന് മുബാറകിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ മുബാറക് ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പോലീസ് മുബാറകിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് സൂചന.
Discussion about this post