കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയ്ക്ക് ഭീഷണിയായി കുളവാഴ. കൊതിമുക്ക് വട്ടക്കായലിൽ കുളവാഴ നിറഞ്ഞതോടെ ഈ പ്രദേശത്ത് മീൻപിടിയ്ക്കൽ അസാദ്ധ്യമായി. അറബിക്കടലിലെ വേലിയേറ്റ സമയത്ത് മാത്രമേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
പള്ളിക്കലാറിന്റെയും പശ്ചിമതീര കനാലിന്റെയും സംഗസ സ്ഥാനമായ വട്ടാക്കായലിലാണ് കുളവാഴ വ്യാപിച്ച് കിടക്കുന്നത്. ഇത് നീക്കാൻ ശ്രമം നടത്തിയെങ്കിലും വേരുകൾ ആഴത്തിൽ ഇറങ്ങിയതിനാൽ അതിന് കഴിഞ്ഞില്ല. കുളവാഴ നിറഞ്ഞതോടെ കായലിൽ വലവീശാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ വരുമാന മാർഗ്ഗവും ഇവർക്ക് നഷ്ടമായി.
അടിത്തട്ടിൽ എത്തിയ കുളവാഴയുടെ വേരുകൾ കായലിൽ ഉപ്പുവെള്ളം കലർന്നാൽ മാത്രമേ നശിച്ച് പോകുകയുള്ളൂ. എന്നാൽ അതിന് ഇനിയും കാത്തിരിക്കണം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേലിയേറ്റം ഉണ്ടാകുമ്പോൾ അറബിക്കടലിൽ നിന്നും ഉപ്പുവെള്ളം കായലിൽ കലരും. ഇതോടെയാണ് ഈ കുളവാഴകൾ നശിക്കും. ഇതിന് ശേഷം മാത്രമേ ഇവിടെ മത്സ്യബന്ധനം സാദ്ധ്യമാകൂ എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നൂ.
400 ഏക്കറിലാണ് വട്ടക്കായൽ സ്ഥിതിചെയ്യുന്നത്. വിവിധ മത്സ്യങ്ങളാൽ സമ്പന്നമായ ഇവിയേക്ക് മഴക്കാലത്താണ് വെള്ളത്തോടൊപ്പം കുളവാഴ ഒഴുകി എത്തിയത്. നേരത്തെ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കുളവാഴകൾ നശിപ്പിച്ച് കളയുമായിരുന്നു. എന്നാൽ ഇന്ന് ആരും കൃഷി ചെയ്യാത്തതിനാൽ കുളവാഴകൾ വ്യാപകമായി വളരുന്നുണ്ട്. ഇതാണ് മഴക്കാലത്ത് കുളവാഴകൾ കായലിൽ എത്താൻ കാരണം ആയത്.
Discussion about this post