ന്യൂഡല്‍ഹി: പ്രതിവര്‍ഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മധ്യവര്‍ഗത്തിന് ആശ്വാസം പകരുന്നതിനൊപ്പ൦ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ബജറ്റിൽ, അടിസ്ഥാന നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. 3 മുതല്‍ 6 ലക്ഷംവരെയുള്ള സ്ലാബിന്റെ പരിധി ഒരു ലക്ഷം ഉയര്‍ത്തി 7 ലക്ഷമാക്കി നികുതി 5 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. പിന്നീടുള്ള സ്ലാബിലും ഒരു ലക്ഷം ഉയര്‍ത്തി ഏഴ് മുതല്‍ പത്ത് ലക്ഷം രൂപവരെയാക്കി 10 ശതമാനം നികുതിതന്നെ ബാധകമാക്കി. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയാകട്ടെ 15 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. 12 ലക്ഷം മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
വിലക്കയറ്റം മധ്യവര്‍ഗക്കാരുടെ വാങ്ങല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാലാണ് 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൗരന്മാരുടെ ഭാരം ലഘൂകരിക്കുന്നതിന് ആദായനികുതി നിരക്കുകൾ കുറയ്ക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബജറ്റിൽ ആദായനികുതി കുറയ്ക്കാനും കസ്റ്റംസ് താരിഫ് യുക്തിസഹമാക്കാനും കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ അവതരിപ്പിക്കാനും യോഗത്തിൽ സാമ്പത്തിക വിദഗ്ധര്‍ സർക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ഫെബ്രുവരി 1 ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
Discussion about this post