ചെന്നൈ : തമിഴ്നാട് നീലഗിരി മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടി. ബുള്ളറ്റ് കൊമ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാട്ടാനയെ ആണ് പിടികൂടിയത്. നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ വിഹരിച്ചിരുന്ന കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ആണ് മയക്കു വെടിവെച്ച് പിടികൂടിയത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് കൊമ്പൻ തകർത്തിരുന്നത്. വനം വകുപ്പിന്റെ ജീപ്പ് അടക്കമുള്ള വാഹനങ്ങളും കുത്തിമറിച്ചിടുന്നതും പതിവായിരുന്നു. കഴിഞ്ഞ ആഴ്ച മദപ്പാടുമായി റോഡിലിറങ്ങിയിരുന്ന ബുള്ളറ്റ് കൊമ്പൻ മറ്റ് കാട്ടാനകളെയും ഉപദ്രവിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് ബുള്ളറ്റ് കൊമ്പനെ മയക്കുവെടി വെക്കാൻ കഴിഞ്ഞത്. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ ആനയെ പിടികൂടുകയായിരുന്നു.
മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്കാണ് ആനയെ മാറ്റിയിട്ടുള്ളത്.
Discussion about this post