ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിടചൊല്ലി രാജ്യം. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹിയിലെ നിഗംബധ് ഘട്ടിൽ ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
ഇന്നലെ മുഴുവൻ ഡൽഹിയിലെ വസതിയിൽ ആയിരുന്നു പൊതുദർശനം. ഇതിന് ശേഷം ഇന്ന് രാവിലെയോടെ പൊതുദർശനത്തിനായി ഭൗതിക ദേഹം കോൺഗ്രസ് ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഇവിടെയെത്തി മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇവിടെ നിന്നും വിലാപയാത്രയായി ഭൗതികദേഹം നിഗംബധ് ഘട്ടിലേക്ക് കൊണ്ടുപോകുയായിരുന്നു. യാത്രയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മൻമോഹൻ സിംഗിന്റെ കുടുംബത്തെ അനുഗമിച്ചു. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിന്റെ വിലാപയാത്രയിൽ പങ്കെടുത്തത്. മൻമോഹൻ സിംഗ് അമർ രഹേ എന്ന മുദ്രാവാക്യം ആയിരുന്നു വിലാപയാത്രയിൽ ഉടനീളം മുഴങ്ങിക്കേട്ടത്.
ഉച്ചയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു മൻമോഹൻസിംഗിന് പുഷ്പാർച്ഛന അർപ്പിച്ചു. ഇതിന് പിന്നാലെ സിഖ് രീതിയിലുള്ള സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
Discussion about this post