കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാം. 2025 ജനുവരി ആദ്യവാരം മുതല്‍ ഇത് ് കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. ഇതിന് മുമ്പായി നഗരത്തില്‍ ട്രയല്‍ റണ്‍ നടക്കും. തിരുവനന്തപുരത്ത് ആരംഭിച്ചതിന് സമാനമായാണ് ഈ പദ്ധതി വരുന്നത്. വിനോദസഞ്ചാരികള്‍ക്ക് മാത്രമായാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള കൊച്ചിയുടെ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 12.5 കിലോമീറ്റര്‍ നീളുന്ന റൂട്ടാണ് നിലവില്‍ പരിഗണനയിലുള്ളത്.
ഹൈക്കോടതി, മാധവ ഫാര്‍മസി ജങ്ഷന്‍, ജോസ് ജങ്ഷന്‍, ഷിപ്യാര്‍ഡ്, തേവര, നേവല്‍ ബേസ്, ടോള്‍ പാലം, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടാണ് കെഎസ്ആര്‍ടിസി ഡക്കര്‍ ബസ് സര്‍വീസിനായി പരിഗണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ദിഷ്ട റൂട്ടില്‍ ഒരു ദിവസം ആറോളം സര്‍വീസുകള്‍ നടത്തി ഗതാഗത സാഹചര്യങ്ങള്‍ കെഎസ്ആര്‍ടിസി വിലയിരുത്തും. ഗതാഗതക്കുരുക്ക് വെല്ലുവിളിയായാല്‍ സര്‍വീസ് മറ്റൊരു റൂട്ടിലേക്ക് മാറ്റും. തൃപ്പൂണിത്തുറയിലേക്ക് ഉള്‍പ്പെടെ വിവിധ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സാധ്യതാ പഠനം നടത്തിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ വയഡക്ട് ഏകദേശം 4.5 മീറ്റര്‍ ഉയരമുള്ള ഡബിള്‍ ഡക്കര്‍ ബസിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഇത്തരം തടസ്സങ്ങള്‍ ഇല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
Discussion about this post