പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം വലിയ ചർച്ചയായി മാറിയെന്ന് റിപോർട്ടുകൾ . പത്തനംതിട്ട സ്വദേശിയായതിനാൽ തന്നെ നവീൻ ബാബുവിന്‍റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാർട്ടി നിലപാടുമാണ് സമ്മേളത്തിൽ ചർച്ചയായി മാറിയത്. നവീൻ ബാബു വിഷയത്തിൽ പാർട്ടിക്ക് ഉള്ളിൽ രൂപപ്പെട്ട ഭിന്നാഭിപ്രായമടക്കം സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം പി പി ദിവ്യ വലതു പക്ഷ മാദ്ധ്യമങ്ങളുടെ ഇരയായി മാറി എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും പുറത്ത് വന്നു.
വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചുവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും ചർച്ച ഉയർന്നു. പി പി ദിവ്യ സി പി എമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും പ്രതിനിധികൾ ചൂണ്ടികാട്ടി.
ഇത് കൂടാതെ നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന അഭിപ്രായവും ഉയർന്നു. സമ്മേളനത്തിലെ ചർച്ച ഇന്ന് വൈകിട്ട് വര തുടരും. ശേഷമാകും ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന നേതൃത്വത്തിന്‍റെയും മറുപടി. ചുരുക്കത്തിൽ പറഞ്ഞാൽ പാർട്ടി കുടുംബത്തിന്റെ കൂടെയാണ് എന്നാൽ പി പി ദിവ്യ ഇരയാണ് എന്ന വൈരുധ്യാത്മകവും വിചിത്രവുമായ വാദമാണ് സി പി എം മുന്നോട്ട് വെക്കുന്നത്.
Discussion about this post