മെൽബൺ: ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിലെ ഹീറോ ആയിരിന്നു തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന സാം കോൺസ്റ്റാസ്. ബുമ്രയെ റിവേഴ്‌സ് സ്വീപ്പ് ചെയ്തും, കൊഹ്‌ലിയോട് ഉടക്കിയും കളി കാണാൻ വന്ന കാണികളെ കയ്യിലെടുത്തും കോൺസ്റ്റസ് താരമായി. ഏതൊരാളും ഭയപ്പെടുന്ന ജസ്പ്രീത് ബുമ്രയെ നിലം തൊടീക്കാതെ കളിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ മുതിർന്ന താരങ്ങളുടെ ഹീറോയും ഈ 19 കാരൻ ആയി.
എന്നാൽ കോൺസ്റ്റസിന്റെ രാജകീയ പ്രഭാവത്തിന് വെറും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മല പോലെ വന്നത് എലി പോലെ പോയി എന്നൊക്കെ പറയുന്നത് പോലെ, രണ്ടാം ഇന്നിഗ്‌സിൽ തന്റെ വിശ്വരൂപം ബുമ്ര പുറത്തെടുത്തു. ചുരുക്കി പറഞ്ഞാൽ രണ്ടാം ഇന്നിങ്സിൽ ആകെ നേരിട്ട ചുരുക്കം ബോളുകൾ എങ്ങോട്ടേക്കാണ് പോകുന്നതെന്നോ എവിടെയാണ് വരുന്നതെന്നോ കോൺസ്റ്റാസ് കണ്ടിട്ടേ ഇല്ല. കഴിഞ്ഞ കളിയിലെ ഓർമ്മ വച്ച് ചില കൂറ്റനടികൾക്ക് 19 കാരൻ ശ്രമിച്ചെങ്കിലും ബാറ്റെവിടെയോ ബോൾ എവിടെയോ എന്നതായിരുന്നു സ്ഥിതി.
എന്നെ ശരിക്ക് അറിയില്ലെന്ന് തോന്നുന്നു, എന്റെ പേര് ജസ്പ്രീത് ബുമ്ര എന്ന് വിളിച്ചോതുന്നതായിരുന്നു കോൺസ്റ്റസിനും അപ്പുറത്ത് ഉണ്ടായിരുന്ന ഉസ്മാൻ ഖവാജക്കും നേരെയുള്ള ബുമ്രയുടെ ബോളുകൾ. അവസാനം ഉള്ളിലേക്ക് മൂർച്ചയോടെ വകഞ്ഞു കയറിയ ഒരു ഇൻസ്വിങ്ങറിൽ മിഡിൽ സ്റ്റമ്പിന്റെ അറ്റം തെറിക്കുമ്പോഴും, ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ നിൽക്കുന്ന ഒരു കൗമാരക്കാരന്റെ മുഖഭാവം ആയിരിന്നു കോൺസ്റ്റസിന്.
ഒടുവിൽ കോൺസ്റ്റസിന്റെ തന്നെ ആഘോഷം അനുകരിച്ചു കൊണ്ട് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുമ്പോൾ, സ്വത സിദ്ധമായ ആ പുച്ഛഭാവത്തോടെ അദ്ദേഹത്തെ നോക്കി ബുമ്ര മനസ്സിൽ പറഞ്ഞിരിക്കണം. എന്റെ പേര് ജസ്പ്രീത് ബുമ്ര, ഇനി ഓർക്കുമല്ലോ എന്ന്
Discussion about this post