കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്കു ഗുരുതര പരുക്കേറ്റതില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഒരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡവും ഒരുക്കാതെ എന്തടിസ്ഥാനത്തിലാണ് പരിപാടിക്ക് പോലീസ് അനുവാദം കൊടുത്തതെന്നും കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഗാലറികൾക്ക് മുകളിൽ, ഗ്രൗണ്ടിൽ നിന്നും ഏറെ ഉയരത്തിൽ തികച്ചും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജാണത്. അതിൽനിന്നും താഴെ വീഴുന്നത് തടയാൻ വേണ്ട സംവിധാങ്ങൾ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാൻ ചെയ്തതിലും ഇരട്ടി ആളുകൾ സ്റ്റേജിലേക്ക് എത്തി. ഇതൊന്നും പരിശോധിക്കാനും തടയാനും ഒരു സംവിധാനവും അധികൃതർ ഒരുക്കിയിരുന്നില്ല.
താത്കാലിക സ്‌റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ റിബൺ കണ്ടപ്പോൾ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇത്രയും ഉയരത്തിലുള്ള സ്റ്റേജിൽ കൈവരി ഇല്ലാതെ വെറും റിബ്ബൺ കെട്ടിയത് വലിയ അപാകതയായിട്ടാണ് വിലയിരുത്തുന്നത്.
അതേസമയം മൃദംഗമിഷനും സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേ അപകടകരമാം വിധം സ്റ്റേജ് നിർമ്മിച്ചതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇതിന് എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അനുവാദം കൊടുത്തത് എന്ന ചോദ്യമാണ് ഉയരുന്നത്.
Discussion about this post