മോഷണത്തിന് വേണ്ടി ഒരു സ്ഥാപനം തന്നെ തുടങ്ങിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതിലെ കള്ളന്മാരായ ജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി കേട്ടാലോ? അമ്പരക്കേണ്ട ഇത് സത്യമാണ് ഉത്തര്‍പ്രദേശിലെ ഖൊരക്പുര്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനോജ് മണ്ഡല്‍ (35) എന്നയാളാണ് സ്ഥാപനത്തിന്റെ മേധാവി. പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 44 ആന്‍ഡ്രോയിഡ് ഫോണുകളും തോക്ക്, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷണമാണ് ഇവരുടെ പ്രധാന ഇനം. മോഷണത്തിലെ പ്രാഗല്ഭ്യത്തിനനുസരിച്ചാണ് ശമ്പളം. എന്നാല്‍ എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ലഭിക്കും.മോഷ്ടിക്കാന്‍ തത്പരരായ ആളുകള്‍ക്ക് ഗ്യാങ്ങില്‍ ചേരാം. തുടര്‍ന്ന് മനോജിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തെ ചിട്ടയായ പരിശീലനം. ട്രെയിനിങ് കാലയളവില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കും. വിജയിക്കുന്നവരെ നിശ്ചിത ശമ്പളം നല്‍കി സ്ഥിരപ്പെടുത്തും.
മോഷണത്തിനായി ഓരോരുത്തര്‍ക്കും വ്യത്യസ്ത സ്പോട്ട് നിര്‍ദേശിച്ചു നല്‍കും. ഇതിനായി ട്രാവല്‍ അലവന്‍സും വേണമെങ്കില്‍ താമസസൗകര്യവും ചെയ്തുനല്‍കും. ഗ്യാങ്ങിലെ രണ്ടുപേര്‍ക്ക് എല്ലാ മാസവും 15,000 രൂപ ശമ്പളവും ട്രാവല്‍ അലവന്‍സും താമസസൗകര്യവും നല്‍കാറുള്ളതായി മനോജ് പോലീസിനോട് വ്യക്തമാക്കി.ഇവര്‍ യാത്രയ്ക്കായി സ്വന്തം വണ്ടി ഉപയോഗിക്കില്ല. ട്രെയിനുകളോ ബസ്സുകളോ ആണ് ദൗത്യത്തിന് ആശ്രയിക്കാറ്.
Discussion about this post