ബാങ്കോക്ക്: പന്തയത്തില്‍ ജയിക്കാനായി രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് അകത്താക്കിയ തായ് ഇന്‍ഫ്ളുവന്‍സര്‍ക്ക് ഒടുവില്‍ ദാരുണാന്ത്യം. ബാങ്ക് ലസ്റ്റര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന തനകരന്‍ കാന്തീ (21) എന്നയാള്‍ക്കാണ് ഇങ്ങനെ സംഭവിച്ചത്. 30000 തായ് ബാത്ത് (75,228 രൂപ) യ്ക്കായിരുന്നു ഇയാള്‍ മറ്റൊരാളുമായി പന്തയം വെച്ചിരുന്നത്.
തായ്ലന്റ് ചന്ദാബുരി ജില്ലയില്‍ ഡിസംബര്‍ 25-നാണ് സംഭവം. ഒരു പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു സംഭവം. 350 എം.എല്ലിന്റെ വിസ്‌കി ബോട്ടില്‍ ഒറ്റയടിക്ക് കുടിക്കാനായിരുന്നു പന്തയം. ഒരു കുപ്പിക്ക് 10000 ബാത്ത് എന്ന രീതിയിലായിരുന്നു പണം വാഗ്ദാനം ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയിരിപ്പിന് രണ്ട് കുപ്പി കുടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാന്തീയുമായി പന്തയം വെച്ചയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാന്തീ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അബോധവസ്ഥയിലായിട്ടും വീണ്ടും മദ്യപിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ഇയാളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനെതിരെ തായ്‌ലന്റില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
Discussion about this post