ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ആരും തന്നെ പങ്കെടുക്കാത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ചടങ്ങിന് ബിജെപി നേതാക്കൾ പോലും എത്തിച്ചേർന്നപ്പോൾ കോൺഗ്രസിലെ പ്രമുഖ നേതാക്കളോ ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരോ ചടങ്ങിൽ പങ്കെടുത്തില്ല എന്ന് ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി.
എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മൻമോഹൻ സിംഗിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് ചിതാഭസ്മ നിമജ്ജന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മൻമോഹൻസിന്റെ കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങൾ ആയതിനാലാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് അറിയിച്ചത്.
ഡിസംബർ 26നാണ് പത്തുവർഷക്കാലം ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച കോൺഗ്രസ് നേതാവ് ഡോ. മൻമോഹൻ സിംഗ് 92 ആം വയസ്സിൽ അന്തരിച്ചത്. നിഗംബോധ് ഘട്ടിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയത്. ഡിസംബർ 29നാണ് അദ്ദേഹത്തിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങുകൾ നടത്തിയത്. സിഖ് ആചാരപ്രകാരം മജ്‌നു കാ തില ഗുരുദ്വാരയ്ക്ക് സമീപം യമുന നദിയിൽ ആണ് ചിതാഭസ്മം നിമജ്ജനം ചെയ്തത്. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൺ കൗറും അവരുടെ മൂന്ന് പെൺമക്കളായ ഉപീന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post