മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്ന് വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്.
ലാന്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
മുതിർന്ന രാഷ്ട്രീയനേതാവും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനും ലോകസഭാംഗം സുപ്രിയ സുലെയുടെ സഹോദരനുമാണ് അജിത് പവാർ. 2023ൽ, അജിത് പവാറിൻറെ നേതൃത്വത്തിൽ എൻസിപി പിളരുകയും ഇത് പാർട്ടിയെ രണ്ട് ചേരികളായി വിഭജിക്കുകയും ചെയ്തിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലും മറ്റൊന്ന് അദ്ദേഹത്തിന്റെ അമ്മാവൻ ശരദ് പവാറിന്റെ നേതൃത്വത്തിലുമായിരുന്നു. പിന്നീട് അദ്ദേഹം എൻഡിഎ സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായി.









Discussion about this post