12 വര്‍ഷമെടുത്താണ് ചൈനയിലെ യാങ്‌സി നദിക്ക് കുറുകെയുള്ള ത്രീ ഗോര്‍ജിസ് അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. ലോകത്തില്‍ ഏറ്റവുമധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അണക്കെട്ടായി ഇതുമാറി. എന്നാല്‍ ഇപ്പോള്‍ ഈ കൂറ്റന്‍ അണക്കെട്ടിനെയും വെല്ലുന്ന ‘സൂപ്പര്‍ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈന. ത്രീ ഗോര്‍ജിസിനേക്കാള്‍ മൂന്നിരട്ടി വൈദ്യുതോല്‍പാദന ശേഷിയുള്ള ഡാം. ഇതിന് നിര്‍മാണാനുമതി ലഭിച്ചതോടെ ആശങ്കയിലാവുന്നത് ഇന്ത്യയാണ്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. യാര്‍ലുങ് സങ്‌ബോ നദിക്കു കുറുകെ 13,700 കോടി ഡോളര്‍ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നല്‍കുന്നത്. 2020ല്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ (2021-2025) ഉള്‍പ്പെടുത്തിയ ഇതിന് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്.
യാര്‍ലുങ് സങ്‌ബോ എന്ന ടിബറ്റന്‍ നാമധാരിയായ നദിയുടെ ഇന്ത്യന്‍ പേരിലുണ്ട്- ബ്രഹ്‌മപുത്ര. ടിബറ്റില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം ബ്രഹ്‌മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റന്‍ അണക്കെട്ട് കെട്ടിയുയര്‍ത്താന്‍ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിര്‍മാണത്തിനൊരുങ്ങുന്ന ഈ ഡാം ഒരു ജലയുദ്ധത്തിന്റെ ആരംഭമാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരന്തരം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന പ്രദേശത്ത് ഇത്തരത്തിലൊരു പടുകൂറ്റന്‍ ഡാം വരുന്നത് ഒരു ജലബോംബ് പോലെ ഭീഷണിയുയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബ്രഹ്‌മപുത്ര നദി അരുണാചലിലേക്കും അവിടെ നിന്ന് ബംഗ്ലദേശിലേക്കും യുടേണ്‍ പോലെ പിരിയുന്ന കൂറ്റന്‍ കിടങ്ങ് പ്രദേശത്തായാണ് അണക്കെട്ട് വരുന്നത്. അണക്കെട്ട് നിലവില്‍ വരുന്നതോടെ അരുണാചല്‍ പ്രദേശിലും ബംഗ്ലദേശിലും പ്രളയസാധ്യതയേറും. അണക്കെട്ട് ചൈനീസ് അധീന പ്രദേശത്തായതിനാല്‍ തന്നെ നീരൊഴുക്കും തുറന്ന് വിടുന്ന വെള്ളത്തിന്റെ വ്യാപ്തിയുമെല്ലാം അതിര്‍ത്തിഗ്രാമങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
ചൈനയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം.
300 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി പ്രതിവര്‍ഷം ഇവിടെ നിന്നും നിര്‍മിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ചൈനയിലെ 30 കോടി ജനങ്ങള്‍ വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇവിടെ ഇത്രയും വലിയ അണക്കെട്ട് പണിയുന്നത് പാരിസ്ഥിതികാഘാതത്തിനും ഭൂകമ്പത്തിനും ആക്കംകൂട്ടുമെന്നതാണ് ഇന്ത്യയുടെ ആശങ്ക.
Discussion about this post