പത്തനംതിട്ട : ശബരിമലയിൽ പരമ്പരാഗത കാനനപാത വഴി വരുന്ന ഭക്തർക്കുള്ള പ്രത്യേക പാസ് നിർത്തലാക്കിയതായി ദേവസ്വം ബോർഡ്. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കിയിരിക്കുന്നത് എന്നാണ് ദിവസം ബോർഡ് വ്യക്തമാക്കുന്നത്. നടപടി താൽക്കാലികം ആണെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ അറിയിച്ചു.
ശബരിമലയിലെ പരമ്പരാഗത കാനന പാത വഴി വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിരിക്കുന്നതാണ് പ്രത്യേക പാസ് നൽകുന്നത് നിർത്തിവയ്ക്കാൻ കാരണമായിരിക്കുന്നത്. നേരത്തെ കാനന പാത വഴി വരുന്ന 5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വർദ്ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഇന്ന് നെയ്യഭിഷേകത്തിനും ആരംഭമായി. രാവിലെ 3.30ന് തുടങ്ങി 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയും ആണ് ശബരിമലയിൽ നെയ്യഭിഷേകം നടക്കുക.
Discussion about this post