ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതർക്ക് ശമ്പളം നൽകുന്നതിനായി ‘പൂജാരി ഗ്രന്ഥി സമ്മാന് യോജന’ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന് ഡൽഹിയിലെ മുസ്ലീം പുരോഹിതന്മാരിൽ നിന്ന് കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത് . മാസങ്ങളായി തങ്ങൾ ശമ്പള കുടിശ്ശികയ്ക്കായി കാത്തിരിക്കുകയാണെന്നും അപ്പോഴാണ് പുതിയ പ്രഖ്യാപനവുമായി കെജ്രിവാൾ രംഗത്ത് വരുന്നതെന്നും മുസ്‌ലിം സംഘടനകൾ ആരോപിച്ചു. ഡൽഹിയിലെ ഇമാമുകളും മൊഅസിനുകളും ഈ നടപടിയെ ‘മുസ്ലിംകളുടെ മുഖത്തേറ്റ അടി’ എന്നാണ് വിശേഷിപ്പിച്ചത്.
അരവിന്ദ് കെജ്‌രിവാൾ ഹിന്ദു പുരോഹിതർക്ക് ശമ്പളമായി 18,000 രൂപ വാഗ്ദാനം ചെയ്തു, ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ഞങ്ങളുടെ കാര്യമോ? 17 മാസമായി ഇമാമുമാർക്കും മൊഅസിൻമാർക്കും ശമ്പളമില്ല. ഒരു കാലത്ത് കെജ്‌രിവാളിനെ തങ്ങളുടെ രക്ഷകനായി വിശ്വസിച്ചിരുന്ന മുസ്ലീം സമൂഹത്തെ ഇത് അപമാനിക്കുന്നതിന് തുല്യമാണ്. എഐഎംഐഎം ഡൽഹി പ്രസിഡൻ്റ് ഷോയിബ് ജമായിയും പ്രതിഷേധത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
രോഷാകുലരായ പ്രതിഷേധങ്ങൾ നഗരത്തിലുടനീളം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്, തങ്ങളുടെ ദുരവസ്ഥയിലേക്ക് ഡൽഹി സർക്കാർ കണ്ണടച്ചിരിക്കുകയാണെന്ന് നിരവധി മൗലാനകൾ ആരോപിച്ചു. “ഞങ്ങളുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ മാസങ്ങളായി പ്രതിഷേധിക്കുകയാണ്, എന്നാൽ ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അവർ ഹിന്ദു പുരോഹിതർക്ക് പണം പ്രഖ്യാപിക്കുന്നു,” പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ഇമാം പറഞ്ഞു.
അതെ സമയം കഴിഞ്ഞ ദിവസമാണ്, കെജ്രിവാൾ പ്രഖ്യാപിച്ച പല പദ്ധതികളും നിലവിലില്ലാത്തതാണെന്ന് വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്. അതിനോടൊപ്പമാണ് 17 മാസമായി മുസ്‌ലിം പുരോഹിതർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയും. ഈ സാഹചര്യത്തിൽ ഹിന്ദു പുരോഹിതന്മാർക്ക് കെജ്രിവാൾ ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യം വെറും പൊള്ളയായ വാഗ്‌ദാനം മാത്രമായി തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
Discussion about this post