ബംഗളൂരു : ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞ ശിവശ്രീ സ്കന്ദ പ്രസാദാണ് വധു. ബംഗളൂരുവിൽ വെച്ചായിരിക്കും വിവാഹം നടക്കുക. അടുത്ത മാസങ്ങളിൽ തന്നെ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്ലാസിക്കൽ സംഗീതജ്ഞ കൂടിയാണ് ശിവശ്രീ സ്കന്ദ പ്രസാദ്. സംഗീതരംഗത്ത് കൂടാതെ നൃത്തത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ശിവശ്രീ. ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. കൂടാതെ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ എംഎ ബിരുദവും നേടിയിട്ടുണ്ട്.
‘പൊന്നിയിൻ സെൽവൻ – ഭാഗം 2’ സിനിമയുടെ കന്നഡ പതിപ്പിലെ ഒരു ഗാനത്തിനും ശിവശ്രീ ശബ്ദം നൽകിയിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ശിവശ്രീ സ്കന്ദ പ്രസാദിന്റെ സംഗീത വൈഭവത്തെ അഭിനന്ദിച്ചിരുന്നു. രണ്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലും ശിവശ്രീയ്ക്കുണ്ട്. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും രണ്ടുതവണയായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിയാണ് തേജസ്വി സൂര്യ. 2020 സെപ്റ്റംബർ മുതൽ, അദ്ദേഹം ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
Discussion about this post