കണ്ണൂർ : വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധമൂലം എന്ന് എംവിഡി ഉദ്യോഗസ്ഥർ. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വൈകിട്ട് 04:03നാണ് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 04:03ന് ഡ്രൈവർ നിസാമുദ്ദീൻ വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഡ്രൈവർ വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്. കൂടാതെ നിസാമുദ്ദീൻ എപ്പോഴും സ്പീഡിൽ വണ്ടിയോടിക്കുന്ന ആളാണെന്ന് വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്.
അപകടം നടന്നത് വണ്ടിയുടെ ബ്രേക്ക് പോയതിനാൽ ആണെന്നാണ് ഡ്രൈവർ നിസാമുദ്ദീൻ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നാണ് എംവിഡി പറയുന്നത്. വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും എംവിഡി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സ്കൂൾ വിട്ട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുറുമാത്തൂർ ചിന്മയ മിഷൻ സ്കൂളിലെ ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നേദ്യ ആണ് മരിച്ചത്. 18 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
Discussion about this post