മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ വിമർശനം. മലപ്പുറത്തെ ചെറുപ്പക്കാരെ പഴയപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക പ്രവർത്തന പരിപാടികൾ നടപ്പിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
യുവാക്കളാണ് രാജ്യത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്നത്. മലപ്പുറത്ത് കൂടുതൽ യുവാക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ യുവത്വത്തിന് അനുസൃതമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. ഇഎംഎസ് സ്മാരക പഠന ഗവേഷണ കേന്ദ്രം വഴി യുവാക്കൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസവും നൽകുമെന്നും ജില്ലാ സമ്മേളനം വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചതായി ജില്ലാ സമ്മേളനത്തിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇരുപത്തിയഞ്ച് ശതമാനം വനിതകളാവണമെന്ന സംഘടനാ തീരുമാനം മലപ്പുറത്ത് നടപ്പിലാക്കാനായില്ല. പതിനാറ് ശതമാനം മാത്രമാണ് നിലവിലെ സ്ത്രീ പ്രാതിനിധ്യം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Discussion about this post