ധർമ്മ ഏവ പരം ദൈവം
ധർമ്മ ഏവ മഹാധനം
ധർമ്മസ്സർവ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം
ധർമ്മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധർമ്മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധർമ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധർമ്മം മനുഷ്യര്‍ക്ക് ശ്രേയസ്സിനായി ഉപകരിക്കുമാറാകട്ടെ!
എന്ന് തിരുവരുൾ ചെയ്ത നാരായണഗുരുദേവ തൃപ്പാദങ്ങൾ സനാതനമായ ധർമ്മത്തിൻ്റെ മൂർത്തിയാണ്. വക്താവല്ല എന്ന് പറയുന്നതിൽ ഒരു ശരിയുമുണ്ട്. കാരണം നമ്മളൊക്കെ വക്താക്കളാവാം. മൂർത്തി തന്നെയായ ആൾക്ക് പിന്നെ വക്താവാകേണ്ട കാര്യമില്ലല്ലോ.
ഗുരുദേവകൃതികൾ പഠിക്കുക. ചില കൃതികൾ പ്രത്യേകിച്ച് ചില സ്തോത്രകൃതികൾ ഫലശ്രുതിയോടെയാണ് എഴുതിയിട്ടുള്ളത്. ഉദാഹരണത്തിന് ഭദ്രകാള്യാഷ്ടകം.
ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘഘനാനിലായിതമിദം
പ്രാതഃ പ്രഗേ യഃ പഠൻ
ശ്രേയഃശ്രീശിവകീർത്തിസമ്പദമലം
സംമ്പ്രാപ്യ സമ്പന്മയീം
ശ്രീദൈവീമനപായിനീം ഗതിമയൻ
സോƒയം സുഖീ വർത്തതേ
രോഗസമൂഹ രൂപത്തിലുള്ള കാർമേഘപടലത്തിനെ കാറ്റായി വന്ന് അകറ്റുന്ന ദേവിയുടെ പാദത്താമരയെ ഉപസിക്കുവാനുള്ള ഈ ഭദ്രകാള്യഷ്ടകം വെളുപ്പിന് ചൊല്ലാവുന്നതാണ്. അങ്ങനെ ചൊല്ലുന്നവർക്ക് ജീവിതത്തിൽ ഉയർച്ച, കളങ്കം കലരാത്ത കീർത്തി, സമ്പത്ത് എന്നിവ ആർജ്ജിക്കാനാകും. അതുവഴി ആനന്ദമയവും അഴിവില്ലാത്തതും ഈശ്വരോന്മുഖവുമായ ലക്ഷ്യത്തിലെത്തി ആ ഭക്തന് ആത്മസുഖം അനുഭവിക്കാൻ ഇടയാകും.
അതായത് വെറുതേ ഒരു കവിത പോലെ ചുമ്മാ എഴുതിക്കൂട്ടുകയല്ല, ഒരു ഉപാസനാമാർഗ്ഗം പറഞ്ഞു തരികയും അതുവഴി ഇന്നിന്ന കാര്യങ്ങൾ ലഭ്യമാകും എന്ന് കൃത്യമായി എഴുതിവയ്ക്കുകയുമാണ് ഗുരുദേവൻ ചെയ്യുന്നത്.
അതുപോലെ ബാഹുലേയാഷ്ടകം എടുത്ത് വായിച്ചുനോക്കുക. ദിവ്യ മന്ത്രാക്ഷരങ്ങൾ കോർത്തിണക്കിയ ആ അഷ്ടകം നിഗൂഢ മന്ത്രജപഫലം സാധാരണക്കാരനും ലഭ്യമാകാൻ വേണ്ടി തിരുവരുളുണ്ടായതാണെന്ന് മന്ത്രശാസ്ത്രത്തിൻ്റെ തീരത്ത് നിൽക്കുന്നവർക്ക് പോലും മനസ്സിലാകും. ആ ഒരൊറ്റ അഷ്ടകം മതി ശ്രീ സുബ്രഹ്മണ്യനെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്താൻ എന്നാണ് മഹത്തുക്കൾ ഉറപ്പ് പറയുന്നത്.
വിശാഖഷഷ്ടി എന്നൊരു അതിഗംഭീര കൃതിയുണ്ട് ഗുരുദേവൻ്റെതായി. അതിൻ്റെ ഫലശ്രുതിയിൽ പറയുന്നത് സ്വന്തം രോഗശാന്തിക്കായി എഴുതിയതാണ് ആ കൃതിയെന്നാണ്. അത് അത്യന്തം ദൃഢഭക്തിയോടെ പാഠം ചെയ്യുന്നവരെ രോഗങ്ങളും തടസ്സങ്ങളും നീക്കി ശിവനായ ഷണ്മുഖൻ കാത്തരുളും എന്നാണ് ഗുരുദേവൻ ഉറപ്പ് തരുന്നത്.
ഇങ്ങനെ എത്രയെത്ര സ്തോത്രകൃതികൾ. ദാർശനിക കൃതികൾ, അദ്വൈതവേദാന്ത കൃതികൾ…. ഉപാസനക്കായി ഇതുപോലെ ഒരു മഹാസാഗരം കൈയ്യിൽത്തന്നിട്ടും സന്ധ്യക്ക് വിളക്കിനു മുന്നിലിരുന്ന് ഒരഞ്ച് മിനിട്ട് ഗുരുദേവൻ്റെ കൃതികൾ വായിച്ചു പഠിക്കുന്നതിനു പകരം നമ്മൾ മൊബൈലിൽ പാട്ടുവയ്ക്കും.
താളം തുള്ളാൻ ആശ
അമ്മാടിയേ ആശ
എടീ എപ്പോവുമേ ആശാ
ഹര ഹര ഹരോ ഹര!!!
എല്ലെങ്കിൽ അമ്പലത്തിൽ കോളാമ്പി വച്ച് ചെകിട് തകർക്കുന്ന ഒച്ചയിൽ പാട്ടിടും
കണ്ണല്ലേ കണ്ണകിയമ്മ
കരളല്ലേയാറ്റുകാലമ്മ
സിന്ദാബാദ് സിന്ദാബാദ്
എപ്പോഴും ആലോചിക്കാറുണ്ട്. എന്തായാലും മൈക്ക് വയ്ക്കുന്നു ഗുരുദേവൻ രചിച്ച കൃതികൾ മനോഹരമായി പലരും ആലപിച്ചിട്ടുണ്ട്. ഏതെങ്കിലും അമ്പലത്തിൽ ഈ കൃതികൾ വച്ചിരുന്നെങ്കിൽ അറിയാതെയെങ്കിലും മനസ്സിൽ ആ വരികൾ കുടിയേറിയേനേ. ഏയ് മുള്ളംകൊല്ലിപ്പുഴയിൽ നിന്ന് വേലായുധൻ ഹരഹരോയായി വച്ചാലും അത് വയ്ക്കില്ല.
പിന്നെ എങ്ങനെ നന്നാവാനാണ്? അവനവൻ ഇരിക്കുന്ന സ്ഥലത്തിരുന്നില്ലെങ്കിൽ അവിടെ നായകൾ വെറുതേ വന്ന് കിടക്കുകയല്ല, ഇരിപ്പിടം കടിച്ച് പറിച്ച്, വൃത്തികേടാക്കി താറുമാറാക്കിയിട്ട് പോകും.
അതുകൊണ്ട് ദയവുചെയ്ത് ഗുരുദേവൻ ‘വക്താവാണേ‘ എന്ന് പറഞ്ഞ് വല്ല അലവലാതിയുടേയും ഊളത്തരത്തിന് മറുപടി പറയാൻ നടക്കുന്നതിന് പകരം നല്ലതെന്തെങ്കിലും ചെയ്യാം.
ഈ ജനുവരി ഒന്ന് ….ഗുരുദേവൻ പറയുന്ന പോലെ യൂറോപ്യരുടെ ആണ്ടുപിറപ്പാണല്ലോ, ശിവഗിരി തീർത്ഥാടന സമയവും….എന്തും തുടങ്ങാൻ നല്ല സമയം. ഈ ജനുവരി ഒന്ന് മുതൽ ഒരാഴ്ചയിൽ ഒരു ഗുരുദേവകൃതിയെങ്കിലും പഠിക്കുമെന്ന് ഉറപ്പാക്കുക. 2025 കഴിയുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളെ ദൈവദശകമെങ്കിലും കാണാതെ ചൊല്ലാൻ പഠിപ്പിക്കുക. നമ്മളെ കുറഞ്ഞത് ഒരു പത്ത് ഗുരുദേവകൃതികളെങ്കിലും കാണാതെ ചൊല്ലാനും 50 കൃതികൾ അർത്ഥമറിയാനും കഴിവുള്ളവരാക്കുക.
ഒരു കൊല്ലം ചെയ്താൽ മതി. ഫലശ്രുതികൾ ശരിയാണൊ, ഗുണമില്ലാതെ കാവ്യരസത്തിനാണോ എഴുതിവച്ചതെന്ന് അറിയാമല്ലോ. പരീക്ഷിച്ച് അനുഭവപ്പെടാമല്ലോ.
അത് കഴിയുമ്പോൾ ഗുരുദേവൻ ആരെന്ന് നമുക്ക് ഉറച്ച ബോദ്ധ്യമുണ്ടായി വരും. ആ ബോദ്ധ്യം ഈ നാട്ടിലെ സാമാന്യജനത്തിനുണ്ടായാൽ പിന്നെ നമ്മുടെ മുന്നിൽ നിന്ന് വിടുവായത്തരം പറയാൻ ഏവനും ഒന്നറയ്ക്കും.
Discussion about this post