കാമുകിയെ മതത്തിൻ്റെ പേരിൽ വീട്ടുകാർ വിവാഹം ചെയ്തു നൽകിയില്ലെന്നാരോപിച്ച് സമീപിച്ച യുവാവിന് അനുകൂല വിധിയുമായി കോടതി.കോട്ടയം കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. 100 -ാം വകുപ്പ് പ്രകാരം യുവതിയെ വാറണ്ട് അയച്ച് കോടതിയിൽ ഹാജരാക്കി.യുവതി സ്വന്തം ഇഷ്ടപ്രകാരം യുവാവിന് ഒപ്പം പോകുകയായിരുന്നു.
ഒക്ടോബർ ആദ്യമായിരുന്നു സംഭവങ്ങളുടെ തുടക്കം. കാമുകിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ ബിഎൻഎസ്എസ് പ്രകാരം യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയും യുവാവും പത്തു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവാവ് ഹിന്ദു മതത്തിൽ വിശ്വസിക്കുന്നയാളും യുവതി ക്രിസ്തു മത വിശ്വാസിയുമായിരുന്നു.
പ്രണയം വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് യുവാവിന്റെ പരാതി. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ ഒരു മാസം മുൻപ് യുവാവ് പഞ്ചായത്തംഗത്തെയുമായി യുവതിയുടെ വീട്ടിൽ എത്തി. രജിസ്റ്റർ വിവാഹം നടത്തി തരാമെന്ന യുവതിയുടെ വീട്ടുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവാവ് മടങ്ങുകയായിരുന്നു. എന്നാൽ, ഇതിന് ശേഷം യുവതിയെ വീട്ടിൽ പൂട്ടിയിടുകയും, യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയുമായി എത്തിയത്.
മണിമല പോലീസ് യുവതിയെയും മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ആസമയം മാതാപിതാക്കളോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി മൊഴി നൽകി. ഇതേ തുടർന്ന് പോലീസ് കോടതിയിൽ യുവതിയുടെ മൊഴി ഹാജരാക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം രാവിലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ട്വിസ്റ്റുണ്ടായത്. യുവതിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു തടങ്കലിൽ പാർപ്പിക്കാൻ മാറ്റിയിരുന്നതായി യുവാവ് പറഞ്ഞു. ഇതിനിടെ തടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട് അഭ്യർത്ഥിച്ചു. ഇത് അനുസരിച്ച് കുറിപ്പ് യുവാവിന്റെ സുഹൃത്ത് കോടതിയിൽ എത്തിച്ചു. ഈ കുറിപ്പ് കണ്ടകോടതി യുവതിയെ കോടതിയിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. യുവതിയെ കോടതിയിൽ എത്തിക്കാനുള്ള വാറണ്ട് അനുസരിച്ച് പോലീസ് സംഘം യുവതിയെ കോടതിയിൽ എത്തിച്ചു. ഇതേ തുടർന്ന് യുവതിയുടെ ഇഷ്ട പ്രകാരം കാമുകന് ഒപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.












Discussion about this post