കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ടെസ്റ്റിൽ ന്യൂസിലൻഡിനോട് 0-3 ന് പരാജയപ്പെട്ടത് ഏവർക്കും ഒരു ഞെട്ടൽ സമ്മാനിച്ച കാര്യമായിരുന്നു. അടുത്തിടെ കൊൽക്കത്തയിലും ഗുവാഹത്തിയിലും ദക്ഷിണാഫ്രിക്കയോട് 0-2 ന് കീഴടങ്ങി മറ്റൊരു പരമ്പര കൂടി കൈവിട്ടത് ഇന്ത്യൻ താരങ്ങൾക്ക് സ്പിന്നർമാർക്ക് അനുകൂലമായ പിച്ചുകളിൽ കളിക്കാനറിയില്ല എന്നായി തുറന്നുകാട്ടുക ആയിരുന്നു.
ന്യൂസിലൻഡ് സ്പിന്നർമാരായ അജാസ് പട്ടേൽ (15), മിച്ചൽ സാന്റ്നർ (13), ഗ്ലെൻ ഫിലിപ്സ് (8), ഇഷ് സോധി (1) എന്നിവർ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 37 വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ (17), കേശവ് മഹാരാജ് (6), ഐഡൻ മാർക്രം (1), സെനുരൻ മുത്തുസാമി (1) എന്നിവർ രണ്ട് ടെസ്റ്റുകളിൽ നിന്ന് 25 വിക്കറ്റുകൾ വീഴ്ത്തി.
എങ്ങനെ സ്പിൻ കളിക്കാം എന്ന് ലോകത്തെ മുഴുവൻ കാണിച്ചുകൊടുത്ത ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതുക്കെ പതുക്കെ സ്പിൻ കളിക്കാൻ മറന്നുപോകുന്ന കാഴ്ചയാണ് ഇപ്പോൾ കുറച്ചായി കാണുന്നത്. എന്താണ് ഇന്ത്യക്ക് സ്പിൻ കളിക്കാൻ പറ്റാത്തതിന്റെ കാരണം എന്ന് പറയുകയാണ് മുൻ താരം കപിൽ ദേവ്. സുനിൽ ഗവാസ്കർ, ജി.ആർ. വിശ്വനാഥ്, ദിലീപ് വെങ്‌സർക്കാർ, മൊഹീന്ദർ അമർനാഥ് തുടങ്ങിയ ഇതിഹാസ താരങ്ങൾ സ്ലോ ബൗളർമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു തലമുറയ്ക്ക് കാണിച്ചുകൊടുത്തു. ബ്രിജേഷ് പട്ടേൽ, അശോക് മൽഹോത്ര, നവ്‌ജോത് സിദ്ധു, പ്രവീൺ ആംറെ, അജയ് ശർമ്മ തുടങ്ങിയ ബാറ്റ്‌സ്മാൻമാർ അവരുടെ കഴിവുകൾ കൊണ്ട് സ്പിന്നർമാരെ അടിച്ചോടിച്ചു.
“ആ താരങ്ങളുടെ ശൈലികൾ ശ്രദ്ധിക്കുക. ഫുട്‌വർക്ക് അവർ മെച്ചപ്പെടുത്തി, വൈവിധ്യമാർന്ന പിച്ചുകളിൽ മികച്ച ആഭ്യന്തര ക്രിക്കറ്റ് കളിച്ചു എന്നതൊക്കെ നിങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ എത്ര മുൻനിര കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എനിക്ക് അറിയണം. അതാണ് ഏറ്റവും നിർണായകമായ കാര്യം. നിങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിൽ, നിലവാരമുള്ള ബൗളർമാരെ നേരിടുന്നില്ലെങ്കിൽ, നിങ്ങൾ ബുദ്ധിമുട്ടേണ്ടിവരും, ”മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് സ്‌പോർട്‌സ്റ്റാറിനോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനത്തെക്കുറിച്ച് കപിൽ പറഞ്ഞു, “വളരെ വളരെ പ്രധാനപ്പെട്ട ഘടകമാണ് പിച്ചുകൾ. രണ്ടര ദിവസത്തിനുള്ളിൽ കളി അവസാനിക്കുന്ന തരത്തിലുള്ളതല്ല. ടോസ് നഷ്ടപ്പെട്ടാൽ കളി തോൽക്കും. ഒരു ടീമും 200 കടക്കാത്ത ഒരു പിച്ചിന്റെ അർത്ഥമെന്താണ്? അഞ്ച് ദിവസത്തെ കളിയുടെ അവസ്ഥയ്ക്ക് അത് നല്ലതല്ല.”
അദ്ദേഹം തുടർന്നു: “നമ്മൾ കൂടുതൽ ടി20, ഏകദിന മത്സരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതായത് ബൗളർമാർക്ക് അനുയോജ്യമായ പിച്ചുകൾ ബാറ്റ്‌സ്മാൻമാർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. സ്പിന്നിനും സീമിംഗിനും വളരെയധികം സഹായം നൽകുന്ന പ്രതലങ്ങളിൽ, നിങ്ങൾക്ക് ക്ഷമയും വ്യത്യസ്തമായ കഴിവുകളും ആവശ്യമാണ്. രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ എന്നിവരെപ്പോലുള്ള ബാറ്റ്‌സ്മാൻമാർക്ക് അങ്ങനെയുള്ള വിക്കറ്റിൽ എങ്ങനെ തുടരണമെന്ന് അറിയാമായിരുന്നു. ഇന്ന് അങ്ങനെയുള്ള താരങ്ങൾ ഇല്ല.”
കപിൽ പറഞ്ഞു, “പേസ് കളിക്കുന്നതിനേക്കാൾ മികച്ച കഴിവുകൾ സ്പിന്നിനെ നേരിടാൻ നിങ്ങൾക്ക് ആവശ്യമാണ്, പക്ഷേ അത് പിച്ചിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ടേൺ അല്ലെങ്കിൽ ബൗൺസ് മോശമാണെങ്കിൽ, അത് വളരെ ബുദ്ധിമുട്ടായിരിക്കും. ഫുട്‌വർക് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഓർമ്മിക്കുക. ഋഷഭ് പന്തിനെപ്പോലെ ആക്രമിക്കുക എന്നതാണ് നിങ്ങളുടെ സ്വഭാവമെങ്കിൽ, അത് വ്യത്യസ്തമാണ്. പന്തിനോട് പ്രതിരോധിക്കാൻ ആവശ്യപ്പെടാൻ കഴിയില്ല. അദ്ദേഹം ഒരു യഥാർത്ഥ മാച്ച് വിന്നറാണ്. അദ്ദേഹം ആക്രമിക്കും. 20 റൺസ് നേടാൻ അദ്ദേഹം 100 പന്തുകൾ ബാറ്റ് ചെയ്യാൻ പോകുന്നില്ല. അദ്ദേഹം ഒരു സിക്സ് അടിക്കുമ്പോൾ, നാമെല്ലാവരും അതിശയോക്തിപരമായി പെരുമാറുന്നു. നിങ്ങൾ അദ്ദേഹത്തോട് അങ്ങനെ കളിക്കരുത് എന്ന് പറയുമോ? എതിർ ടീമിനെ തകർക്കാൻ കഴിയുന്ന ഒരു ബാറ്റ്സ്മാനാണ് അദ്ദേഹം.”
എന്തായാലും ഇന്ന് ആഭ്യന്തര ക്രിക്കറ്റൊക്കെ കളിച്ച് കൂടുതൽ സമയം പിച്ചിൽ ചിലവഴിച്ച് കളിക്കുന്ന താരങ്ങളെയാണ് ടീമിന് ആവശ്യമെന്ന് കപിൽ പറഞ്ഞു.













Discussion about this post